ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. തുടക്കത്തിൽ ഭക്ഷ്യവിഷബാധയെന്ന് കരുതിയ സംഭവം കൊലപാതകവും ആത്മഹത്യയുമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. സ്വത്ത് തർക്കത്തെ തുടർന്ന് പിതാവ് തന്നെ ന്യൂഡില്സില് വിഷം കലർത്തി കുടുംബത്തിന് നൽകുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ഗ്രേറ്റർ നോയിഡയിലെ രബുപുരയില് താമസിക്കുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതില് മൂന്നുപേര് കുട്ടികളാണ്. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), സാക്ഷത് (3), മകൾ മിഷ്തി (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി, 10 മണിയോടെ വീട്ടില് എത്തിയ കുടുംബം ന്യൂഡില്സ് പാകം ചെയ്ത് കഴിച്ചിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളും ബന്ധുക്കളും വീടിന്റെ മേൽക്കൂര വഴി അകത്തു കയറി വാതിൽ തുറന്നപ്പോളാണ് അഞ്ച് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ വായയിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
തുടക്കത്തിൽ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു കരുതിയത്. എന്നാല്, തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹേഷിന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു ശബ്ദസന്ദേശം പൊലീസ് കണ്ടെടുത്തു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് തന്റെ രണ്ട് സഹോദരിമാരെയും ഒരു അളിയനെയും മഹേഷ് ഈ സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളും മാനസിക ബുദ്ധിമുട്ടുകളുമാണ് കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന് മഹേഷിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ സംശയം.
മരണകാരണം വ്യക്തമാകുന്നതിനായി അഞ്ച് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും രാസപരിശോധനാ ഫലങ്ങളും വരുന്നതുവരെ കാത്തിരിക്കണമെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.