hardik-pandya-fan

തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായ ഹാർദിക് പാണ്ഡ്യയെ നേരിൽ കാണുന്നതിനായി മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആയിരത്തിലധികം കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് ലക്നൗ സ്വദേശിയായ രവി എന്ന യുവാവ്. ഒടുവില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ വച്ചാണ് ലക്നൗ സ്വദേശിയായ രവിക്ക് തന്റെ പ്രിയ താരത്തെ നേരിൽ കാണാൻ സാധിച്ചത്. യുവാവിന്റെ സ്നേഹത്തിനും കഠിനാധ്വാനത്തിനും മുന്നിൽ മനസ്സ് നിറഞ്ഞ ഹാർദിക് ആകട്ടെ, രവിക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തു നൽകുകയും ചെയ്തു.

കയ്യിൽ പ്ലക്കാർഡുമായി നിന്ന രവിയോട് സൗഹൃദം പങ്കിടുന്ന ഹാർദിക് പാണ്ഡ്യയുടെ ഹൃദ്യമായ കൂടിക്കാഴ്ചയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ‘നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടോ? ഞാൻ എന്തെങ്കിലും ചെയ്തു തരണോ?’ എന്ന് ഹാർദിക് സ്നേഹത്തോടെ ചോദിക്കുന്നതും, ഉടൻ തന്നെ വീണ്ടും കാണാമെന്ന് ഉറപ്പുനൽകുന്നതും വിഡിയോയിൽ വ്യക്തമാണ്. വിഡിയോ വൈറലായതോടെ താരത്തിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പരുക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലും പുനരധിവാസത്തിലുമാണ് നിലവിൽ ഹാർദിക് പാണ്ഡ്യ. ഐപിഎലിനിടെ പരുക്കേറ്റതിന് ശേഷം മത്സരക്രിക്കറ്റിൽ നിന്ന് താരം വിട്ടുനിൽക്കുകയാണ്. ന്യൂസീലൻഡിനെതിരായ പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ബൗൾ ചെയ്യുമ്പോൾ ഇപ്പോഴും അനുഭവപ്പെടുന്ന കടുത്ത വേദന മൂലം മടങ്ങിവരവ് വൈകുകയായിരുന്നു.

വരാനിരിക്കുന്ന സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിലോ, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയിലോ ഫിറ്റ്‌നസ് തെളിയിച്ച ശേഷമായിരിക്കും ഹാർദിക് പാണ്ഡ്യ ഇനി ദേശീയ ടീമിലേക്ക് തിരിച്ചെത്തുക.

ENGLISH SUMMARY:

Ravi, a dedicated fan from Lucknow, walked over 1,000 kilometers from Mumbai to Bengaluru solely to meet his favorite cricketer, Hardik Pandya. The memorable meeting took place at the BCCI Center of Excellence in Bengaluru, where Pandya warmly interacted with the young fan and personally booked his train tickets for the return journey. A video capturing their heartwarming encounter and Hardik's gesture quickly went viral across social media platforms, garnering widespread praise from sports fans. Meanwhile, Hardik Pandya continues his rehabilitation at the facility after an injury sustained during the IPL delayed his return to competitive cricket.