Image Credit: x (Right)
നോയിഡയിലെ സ്ലീപ്പര്‍ ബസിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ചവരില്‍ അമ്മയും മകനും. ഭിന്നശേഷിക്കാരിയായ അമ്മയ്ക്ക് ബസിന്‍റെ ഏറ്റവും പിന്നിലുള്ള സീറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതിരുന്നതോടെയാണ് ഒപ്പമുണ്ടായിരുന്ന മകനും ഇറങ്ങാനാവാതെ ബസിലിരുന്നത്. ചര്‍ക്കരി സ്വദേശികളായ സുനിതയും മകന്‍ ശശാങ്കുമാണ് ബസിനുള്ളില്‍ കുടുങ്ങിപ്പോയത്. Also Read: സ്ലീപ്പര്‍ ബസിലെ എസി തീ പിടിച്ച് പൊട്ടിത്തെറിച്ചു; ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
ബസിലെ അവസാന നിരയിലെ സീറ്റുകളിലാണ് സുനിതയും ശശാങ്കും കിടന്നുറങ്ങിയത്. തീ പിടിച്ചതോടെ പരിഭ്രാന്തരായി ആളുകള്‍ ബസിന്‍റെ വിന്‍ഡോ തകര്‍ത്ത് താഴേക്ക് ചാടിയെങ്കിലും നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്ന സുനിതയ്ക്ക് ചാടാന്‍ കഴിഞ്ഞില്ല. തനിച്ച് ബസില്‍ നിന്ന് പുറത്തുകടക്കാന്‍ ശശാങ്കും തയാറായില്ല. പെട്ടെന്ന് തന്നെ ബസില്‍ തീയും പുകയും നിറയുകയും ഇരുവരും തീയില്‍പ്പെടുകയുമായിരുന്നു. കത്തിക്കരിഞ്ഞുപോയ ശരീരങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മഹോബ ജില്ലയിലെ ബിജെപി ട്രഷറര്‍ ആയ നീരജ് ഗുപ്തയുടെ ഭാര്യയും മകനുമാണ് സുനിതയും ശശാങ്കും.
ബുധനാഴ്ച പുലര്‍ച്ചെ നോയിഡയില്‍ നിന്നും മഹോബയിലേക്ക് പോയ സ്ലീപ്പര്‍ ബസാണ് എസി പൊട്ടിത്തെറിച്ച് തീ പിടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒന്‍പതുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ബസിനുള്ളില്‍ നിന്നും കരിഞ്ഞ മണം വരുന്നതായി യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഗൗനിക്കാതെ ഡ്രൈവറും കണ്ടക്ടറും യാത്ര തുടര്‍ന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ബസ് നിര്‍ത്തി പരിശോധിക്കണമെന്ന് പറഞ്ഞ യാത്രക്കാരോട് 'നീയൊക്കെ ചത്താലും എനിക്ക് കുഴപ്പമില്ല, ഞാന്‍ ബസ് നിര്‍ത്തില്ല' എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും രക്ഷപെട്ടവര്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.