prithviraj-mumbai-temple-visit
  • വെളുത്ത കുര്‍ത്തയിട്ട് നെറ്റിയില്‍ തിലകം ചാര്‍ത്തിയെത്തിയ പൃഥ്വി, കാണിക്കയര്‍പ്പിച്ചാണ് മടങ്ങിയത്

ദായ്റയുടെ റിലീസിന് പിന്നാലെ ഗണപതി ക്ഷേത്രത്തിലെത്തിയ സൂപ്പര്‍താരം പൃഥ്വിരാജിനെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുല്‍. മുംബൈയിലെ പ്രശസ്തമായ ലാല്‍ബാഗ് രാജ ഗണേശ മണ്ഡലിലാണ് തിങ്കളാഴ്ച ഭാര്യ സുപ്രിയയുമൊത്ത് താരമെത്തിയത്. വെളുത്ത കുര്‍ത്തയിട്ട് നെറ്റിയില്‍ തിലകം ചാര്‍ത്തിയെത്തിയ പൃഥ്വി, കാണിക്കയര്‍പ്പിച്ചാണ് മടങ്ങിയത്. എന്നാല്‍ ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി ഹാന്‍ഡിലുകളില്‍ നിന്ന് സൈബര്‍ ആക്രമണം തുടങ്ങുകയായിരുന്നു

'കാര്യമായി എന്തോ പറ്റിയിട്ടുണ്ട്….സംസര്‍ഗം കുറച്ച് നല്ല മനുഷ്യരുമായി വന്നപ്പോള്‍ ഉണ്ടാകുന്ന മാറ്റമാണെന്ന് തോന്നുന്നു….' എന്നായിരുന്നു യുവരാജ് ഗോകുല്‍ സോഷ്യല്‍ മീഡിയയില്‍ ആദ്യം കുറിച്ചത്. 'പൃഥ്വിരാജ് പണ്ട് പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒരു മതത്തിലോ മൂര്‍ത്തിയിലോ അല്ല വിശ്വാസം എന്ന്. ഇന്ന് അയാള്‍ മുംബൈയില്‍ ഗണേശ വിഗ്രഹത്തെ തൊഴുതു. അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല', എന്നു തുടങ്ങുന്നു ഇതേ നേതാവിന്റെ രണ്ടാമത്തെ പോസ്റ്റ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ റിലീസിനു ശേഷം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്ക് താരം നേരിട്ടിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സൈബറിടത്ത് പുതിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് പൃഥ്വിക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. ഇപ്പോഴത്തെ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി താരത്തിന്‍റെ പഴയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 'ഞാൻ വിശ്വാസിയാണോ എന്ന കാര്യത്തിൽ തന്നെ എനിക്ക് സംശയമുണ്ട്. അപ്പോൾ പിന്നെ അന്ധവിശ്വാസത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ, നമുക്ക് മുകളില്‍ ഒരു ശക്തിയുണ്ട്. മനുഷ്യന്റെ എല്ലാ കാര്യങ്ങളും ഒരു സ്ഥലത്ത് സറണ്ടറാകും എന്ന് പറയാം, അല്ലാതെ ഈ ഈശ്വരൻ, അമ്പലം, ഇന്ന ദൈവം, മറ്റേ ദൈവം, ഈ പൂജ, ആ പൂജ അതിനോട് എനിക്ക് താല്പര്യമില്ല. ഞാന്‍ അമ്പലത്തില്‍ പോകാറുണ്ട്. എല്ലാവരും നല്ലവരായ സ്ഥലം ആരാധനാലയമാണ്. ഒരു ദൈവത്തെ, ഒരു വിഗ്രഹത്തെ കണ്ടു അതിനു വേണ്ടി പ്രാർത്ഥിക്കുക അതിലൊന്നും യോജിപ്പില്ല. അതുപോലെ എനിക്ക് പൂജ്യം ശതമാനം വിശ്വാസമുള്ള ഒരു കോൺസപ്റ്റാണ് മതം. എനിക്ക് മതത്തിൽ വിശ്വാസമില്ല. അത്‌ ഏതോ ഒരു കാലത്ത് ഒരു സോഷ്യൽ സ്ട്രക്ചർ ഉണ്ടാക്കാൻ ഉപയോഗിച്ച സാധനമാണ്, സാമ്പത്തികം, തൊഴില്‍ എന്ന പോലെ ഒരു ഒരു ടൂൾ ആണ് എനിക്ക് അതിൽ യാതൊരു വിശ്വാസവുമില്ല'- എന്നും താരം വ്യക്തമാക്കിയിരുന്നു.

പൃഥ്വിരാജ് നായകനായ സിനിമകള്‍ ബോക്സോഫീസില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ക്ഷേത്ര സന്ദര്‍ശനം അതുമായി ചേര്‍ത്തുവെച്ച്, വിശ്വാസിയല്ലാത്ത പൃഥ്വിരാജ് ഗണപതി ഭഗവാനെ തൊഴാനെത്തി എന്ന നിലയിലായിരുന്നു ട്രോളുകള്‍ ഏറെയും. എന്നാല്‍‌ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദിവസങ്ങളായി മുംബൈയിലായിരുന്ന പൃഥ്വിരാജിന്റെ ക്ഷേത്ര സന്ദര്‍ശനത്തെ ഇത്തരത്തില്‍ പരിഹസിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം പറയുന്നു. വിനായക ചതുർഥി ആഘോഷത്തോട് അനുബന്ധിച്ച് മുംബൈയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഗണേശ ക്ഷേത്രമാണ് ലാൽബാഗ് രാജ. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇവിടെയെത്താറുണ്ട്. ആനന്ദ് അംബാനി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, പരിണീതി ചോപ്ര, നീൽ നിതിൻ മുകേഷ്, രോഹിത് ശർമ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ലാല്‍ബാഗ് രാജയിലെത്തിയിരുന്നു.

ENGLISH SUMMARY:

Following the release of his film Dhaaira, actor Prithviraj Sukumaran and his wife Supriya visited Mumbai's famous Lalbaugcha Raja temple, sporting traditional attire and a tilak. The visit sparked online trolling and critical reactions from BJP leaders like Yuvraj Gokul, who pointed out the contradiction between his presence at the temple and his past statements declaring a lack of faith in specific deities or organized religion. Critics linked the visit to his recent box office struggles and controversies following his movie Empuraan, mocking his shift in behavior. However, supporters emphasized that visiting Lalbaugcha Raja is a common practice during Vinayaka Chaturthi for numerous celebrities and public figures, advocating that the visit shouldn't be overanalyzed.