Untitled design - 1

 

വിദ്യാർഥിനിക്കെതിരെ ബിഹാറിൽ നടന്ന ലൈംഗികാതിക്രമം രാജ്യത്താകെ വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ, തന്റെ സ്ഥാപനത്തിൽ ജോലിക്കെത്തുന്ന പുരുഷന്മാർക്കായി പ്രത്യേക നയം പ്രഖ്യാപിച്ച് വൈറലായിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു സിഇഒ. ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നുള്ള പുരുഷന്മാർക്കും സ്ഥാപനത്തിൽ ജോലിക്ക് അപേക്ഷിക്കാം. എന്നാൽ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷന്മാർക്ക് ജോലി നൽകില്ലെന്നാണ് സിഇഒയുടെ തീരുമാനം. നയം പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ സിഇഒയ്ക്ക് ഒരേസമയം വിമർശനവും പിന്തുണയും ഉയരുകയാണ്.

എ1 സ്പോർട്സ് വേൾഡ് (A1 Sports World) എന്ന സ്ഥാപനത്തിന്റെ സിഇഒയായ കാർത്തിക് ഷേണായിയാണ് വ്യത്യസ്തമായ തീരുമാനത്തിലൂടെ വൈറലായത്. പ്രസ്തുത സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷന്മാർ വനിതാ ജീവനക്കാരോട് പെരുമാറുന്ന രീതി തികച്ചും മോശമാണെന്നും ഇവർക്ക് സ്ത്രീകളെ ബഹുമാനിക്കാനറിയില്ലെന്നും കാർത്തിക് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു. തങ്ങളുടെ സ്ഥാപനത്തിൽ രാജസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയുണ്ടെന്നും അവർ തന്റെ തീരുമാനത്തെ നൂറുശതമാനം പിന്തുണയ്ക്കുന്നുണ്ടെന്നും കാർത്തിക് കുറിച്ചിട്ടുണ്ട്.

പോസ്റ്റിനു പിന്നാലെ പിന്തുണയും വിമർശനവും ഉയർന്നതോടെ, എന്തുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടാൻ നിർബന്ധിതനായതെന്ന് വിശദീകരിച്ച് കാർത്തിക് തന്നെ രംഗത്തെത്തി. എംബിഎ ബിരുദധാരിയായ ഒരു യുവാവിനെ താൻ ഈ സംസ്ഥാനങ്ങളിലൊന്നിൽനിന്ന് ജോലിക്കെടുത്തിരുന്നുവെന്ന് കാർത്തിക് പറയുന്നു. യുവാവിന്റെ പശ്ചാത്തല പരിശോധന നടത്തിയപ്പോൾ മോശമായതൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ ജോലിക്കെടുത്തതിന് പിന്നാലെ ഇയാളുടെ സ്വഭാവം മാറിയെന്നും കാർത്തിക് അവകാശപ്പെടുന്നു.

വനിതാ ജീവനക്കാരോട് അധികാരസ്വഭാവത്തിലും ബഹുമാനമില്ലാതെയും ലൈംഗികച്ചുവ കലർന്ന രീതിയിലും ഇയാൾ പെരുമാറാൻ തുടങ്ങിയെന്നാണ് കാർത്തിക്കിന്റെ ആരോപണം. പലതവണ പരാതി ലഭിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും യുവാവ് ഇത് തുടർന്നുവെന്നും പിന്നീട് ഒരു ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ ഇയാളെ പിരിച്ചുവിട്ടെന്നും കാർത്തിക് പറയുന്നു.

തുടർന്ന് താൻ ഇതേക്കുറിച്ച് പഠനം നടത്തിയെന്നും ഇത്തരം കേസുകളിൽ നിരന്തരം പ്രതികളാകുന്നത് പ്രസ്തുത സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണെന്ന് കണ്ടെത്തിയെന്നുമാണ് കാർത്തിക്കിന്റെ അവകാശവാദം.

വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും തന്റെ തീരുമാനത്തിൽനിന്ന് പിന്മാറാനില്ലെന്നാണ് കാർത്തിക് പറയുന്നത്. തൊഴിലിടങ്ങളിൽ മാത്രമല്ല, ഒരിടത്തും അംഗീകരിക്കാനാകാത്ത പെരുമാറ്റരീതിയാണിതെന്നും അദ്ദേഹം പറയുന്നു.

കാർത്തിക്കിന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തുന്നവരെ പിന്തുണച്ചും ചിലർ കമന്റുകളിലൂടെ പ്രതികരിക്കുന്നുണ്ട്. ചിലർ ചെയ്യുന്ന തെറ്റിന് ഒരു സംസ്ഥാനത്തെ മുഴുവൻ എങ്ങനെ കുറ്റപ്പെടുത്താനാകുമെന്നാണ് പ്രധാന വിമർശനം. എന്നാൽ ഈ സംസ്ഥാനങ്ങളിൽ മോശം സ്വഭാവമുള്ള ആളുകളാണ് കൂടുതലെന്നും, ബാക്കിയുള്ള നല്ലവർ ഇവരെ നേരെയാക്കാൻ ‘ഒരു ശിക്ഷ’ എന്ന നിലയിൽ ഈ നയം മറ്റ് കമ്പനികളും സ്വീകരിക്കണമെന്നുമാണ് ചില കമന്റുകൾ.

ENGLISH SUMMARY:

Bengaluru CEO's controversial new hiring policy, implemented after a student's assault in Bihar, restricts job applications from men from specific Indian states, citing poor behavior towards female colleagues. This has sparked widespread debate and mixed reactions online.