karthik-bengaluru

TOPICS COVERED

ഉത്തരേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷന്മാരെ ഇനി തങ്ങളുടെ കമ്പനിയിൽ ജോലിക്ക് എടുക്കില്ലെന്ന നയവുമായി ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകൻ രംഗത്ത്. 'എ1 സ്‌പോർട്‌സ് വേൾഡ്' (A1 Sports World) എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒയുമായ കാർത്തിക് എസ്.ജി.യാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വിവാദപരമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷന്മാരെയാണ് കമ്പനിയിൽ നിന്ന് വിലക്കിയിരിക്കുന്നത്. മുൻ ജീവനക്കാരനിൽ നിന്നുണ്ടായ ദുരനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പ്രാദേശിക വിവേചനത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന, എം.ബി.എ വിദ്യാഭ്യാസ യോഗ്യതയുള്ള മുൻ ജീവനക്കാരൻ സ്ഥാപനത്തിലെ വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് കാർത്തിക് എക്‌സിൽ കുറിച്ചു. രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടും പെരുമാറ്റത്തിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കമ്പനിയിലെ വനിതാ ജീവനക്കാരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് ബിസിനസ്സിനേക്കാൾ തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ വിശ്വസനീയമായ പൊലീസ് പശ്ചാത്തല പരിശോധനകൾ ലഭിക്കാൻ പ്രയാസമാണെന്നും 500 രൂപ നൽകിയാൽ കോൺസ്റ്റബിളിൽ നിന്ന് പശ്ചാത്തല സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, ഒരാളുടെ തെറ്റിന് ഒരു സംസ്ഥാനത്തെയോ പ്രദേശത്തെയോ മുഴുവൻ ആൾക്കാരെയും കുറ്റക്കാരാക്കുന്നതും തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നതും അങ്ങേയറ്റം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. വ്യക്തിഗത കഴിവുകളും സ്വഭാവവും പരിശോധിച്ച് ജോലി നൽകുന്നതിന് പകരം, സംസ്ഥാനത്തിന്റെ പേരിൽ വിലക്കേർപ്പെടുത്തുന്നത് തൊഴിൽ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിച്ചു. കേവലം വിലക്കേർപ്പെടുത്തുന്നതിന് പകരം നിയമപരമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

A Bengaluru-based entrepreneur has sparked a intense debate on social media after announcing a recruitment ban on male job applicants from four North Indian states. Karthik S.G., the CEO of A1 Sports World, stated that men from Uttar Pradesh, Rajasthan, Bihar, and Madhya Pradesh would no longer be hired by his firm. He justified the radical policy by citing an incident where a former MBA-qualified male employee allegedly harassed female staff and attempted sexual assault. While the founder cited workplace safety and unreliable police background verification as reasons, critics have widely condemned the move as discriminatory regional profiling.