ഓടിക്കൊണ്ടിരിക്കെ സ്ലീപ്പര്‍ ബസിലെ എസി തീ പിടിച്ച് പൊട്ടിത്തെറിച്ച് ഒരു സ്ത്രീ ഉള്‍പ്പടെ ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ എക്സ്പ്രസ്വേയില് ഇന്നലെ രാത്രിയോടെയാണ് അപകടം. 35 യാത്രക്കാരാണ് ആകെ ബസില്‍ ഉണ്ടായിരുന്നത്. ബസിന്‍റെ എസിയില്‍ നിന്നുമാണ് തീ പിടിത്തമുണ്ടായതെന്നും ഇത് എന്‍ജിനിലേക്ക് കൂടി പടര്‍ന്നതാണ് ഗുരുതരമായ അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. അപകടത്തിന്‍റെ യഥാര്‍ഥ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. Also Read: ജോലിക്കായി വിളിച്ചു, മയക്കുമരുന്നു നല്‍കി ലൈംഗികാതിക്രമം
നോയിഡയില്‍ നിന്നും ഉത്തര്‍പ്രദേശിലെ തന്നെ മഹോബയിലേക്ക് പോകുകയായിരുന്നു ബസ്. യാത്രക്കാര്‍ മിക്കവരും ഉറക്കത്തിലുമായിരുന്നു. തീ പടര്‍ന്ന് പിടിച്ചത് കണ്ട് ചാടിയെഴുന്നേറ്റ യാത്രക്കാര്‍ പലരും ബസിന്‍റെ ഗ്ലാസ് തകര്‍ത്ത് പുറത്തേക്ക് ചാടി. പെട്ടെന്ന് തന്നെ തീനാളങ്ങള്‍ ബസിനെ വിഴുങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ ജെവാര്‍ പൊലീസ് സ്റ്റേഷനിലെ സംഘവും അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.
ബസിന് തീ പിടിച്ചുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പ് നല്‍കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവരുടെ ചികില്‍സയ്ക്കായി 50,000 രൂപ വീതവും അനുവദിച്ചു.
വാതിലില്‍ ആരോ ശക്തിയായി അടിക്കുന്നത് കേട്ടാണ് ഉറക്കമെഴുന്നേറ്റതെന്നും കണ്ണ് തുറന്നപ്പോള്‍ ബസിന്‍റെ ഒരു ഭാഗം കത്തുന്നതാണ് കണ്ടതെന്നും രക്ഷപെട്ടവരില്‍ ഒരാള്‍ പറഞ്ഞു. 'ഷൂ പോലും ഇടാന്‍ നേരം കിട്ടിയില്ല. ഫോണ്‍ മാത്രമെടുത്ത് ചാടിയിറങ്ങുകയായിരുന്നു. ആള്‍ ബസില്‍ നിന്നെടുത്ത് ചാടിയാണ് രക്ഷപെട്ടത്. എന്നെ പിന്നില്‍ നിന്നൊരാള്‍ പിടിച്ച് തള്ളിയാണ് പുറത്തേക്കിട്ടത്. ആകെ പുക നിറഞ്ഞിരുന്നു. മറ്റൊന്നും ഓര്‍ത്തെടുക്കാനാവുന്നില്ല'- യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഡ്രൈവറുടെ കാബിനില്‍ നിന്നും കരിഞ്ഞ മണം വരുന്നതായി യാത്രക്കാരില്‍ ചിലര്‍ പരാതിപ്പെട്ടിട്ടും ഡ്രൈവറും കണ്ടക്ടറും ഗൗനിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇരുവരും ബസിനുള്ളിലിരുന്ന് പുകവലിക്കുന്നത് കണ്ടെന്നും യാത്രക്കാരിലൊരാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും ബസ് നിര്‍ത്തി പരിശോധിക്കാന്‍ ഇരുവരും വിസമ്മതിച്ചുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.