Image: X
ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴ വിരുന്നിൽ കിഷോര്‍ കുമാറിന്റെ ഗാനമാലപിച്ച് കയ്യടി നേടി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. 1965ൽ പുറത്തിറങ്ങിയ ‘തീന്‍ ദേവിയാന്‍’ എന്ന ചിത്രത്തിലെ കിഷോർ കുമാർ പാടിയ ഹിറ്റ് ഗാനമായ ‘ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്’ എന്ന ഗാനമാണ് അന്‍വര്‍ ഇബ്രാഹിം ഭാവപ്രകടനങ്ങളോടെ ആലപിച്ചത്. പിയാനോ സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു ഗാനാലാപനം. ഏറെ ഹൃദ്യമായൊരു കാഴ്ചയായി മാറുകയാണ് ഈ വിഡിയോയും പാട്ടും.
Also Read: മോദിയുടെ വിരുന്നില്‍ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്‍റും അബുദബി കിരീടവകാശിയും
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. ഗുരുവേ, ഞാൻ ഒരു നിമിഷം പാടിക്കോട്ടെ? എന്ന അടിക്കുറിപ്പോടെയാണ് അൻവർ ഇബ്രാഹിം ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ലോക നേതാക്കൾക്കിടയിലെ ഈ അപൂർവ്വ നിമിഷത്തെ സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യന്‍ സംഗീതത്തിന്റേയും പാട്ടുകളുടേയും ആരാധകന്‍ കൂടിയായ അന്‍വര്‍ ഇബ്രാഹിം ഇതാദ്യമായല്ല ഇന്ത്യന്‍ സംഗീതത്തോടുള്ള തന്റെ പ്രണയം വെളിപ്പെടുത്തുന്നത്.
Also Read: പഴ്സനല്‍ സ്റ്റാഫ്: പിണറായിയുടെ വാദം തെറ്റ്; ഒന്നാം സര്‍ക്കാരില്‍ 698, രണ്ടാം സര്‍ക്കാരില്‍ 715
2024ല്‍ നടത്തിയ ഡൽഹി സന്ദർശനവേളയില്‍ മുകേഷിന്റെ പ്രശസ്തമായ ‘ദോസ്ത് ദോസ്ത് നാ രഹാ’ എന്ന ഗാനവും അദ്ദേഹം ആലപിച്ചിരുന്നു. ഹിന്ദി ഗാനങ്ങൾക്ക് പുറമെ തമിഴ് സിനിമകളോടും എം.ജി. ആറിന്റെ പാട്ടുകളോടും അൻവർ ഇബ്രാഹിമിനുള്ള താല്പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻപ് പരാമർശിച്ചിട്ടുണ്ട്. അന്‍വര്‍ ഇബ്രാഹിം അതിമനോഹരമായി പാടുന്നുവെന്ന് ഒരു ഉപയോക്താവ് വിഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു. മലേഷ്യയില്‍ താമസിക്കുന്ന നിരവധി ഇന്ത്യക്കാരും അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഉച്ചകോടിയിൽ ചർച്ചകൾ നടന്നു. ഇതിനിടയിൽ നടന്ന ഈ സാംസ്കാരിക കൂട്ടായ്മ നയതന്ത്ര ബന്ധങ്ങൾക്ക് പുതിയൊരു ഊഷ്മളതയും മാനവും നല്‍കുന്നതായിരുന്നു.