ഇന്ത്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടക്കുന്ന പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിന്നു. ഉച്ചകോടിക്കായി വെള്ളിയാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം വിരുന്നിൽ പങ്കെടുക്കാതിരുന്നത് നയതന്ത്രതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി എത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വിരുന്നിൽ പങ്കെടുത്തിരുന്നില്ല.
ഉച്ചകോടിയുടെ ആദ്യ ദിവസത്തെ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഡൽഹിയിലെ ഹോട്ടൽ താജ് പാലസിലായിരുന്നു പ്രധാനമന്ത്രി പ്രത്യേക 'ഗാല ഡിന്നർ' ഒരുക്കിയത്. ബ്രിക്‌സ് കൂട്ടായ്മയിലെ പുതിയ അംഗരാജ്യങ്ങളായ ഇറാൻ, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്‍, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ തുടങ്ങിയ പ്രമുഖ നേതാക്കൾ വിരുന്നിൽ പങ്കെടുത്തു. എന്നാൽ, ചൈനീസ് പ്രസിഡന്റിന്റെ അസാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. ആരോഗ്യപരമായ കാരണങ്ങളാലാണോ അതോ മറ്റ് രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായാണോ അദ്ദേഹം വിരുന്നിൽ നിന്ന് വിട്ടുനിന്നതെന്ന കാര്യത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈനയെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥരാണ് വിരുന്നിൽ പങ്കെടുത്തത്.
അതിർത്തിയിലെ സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഇപ്പോഴും പൂർണ്ണമായും സാധാരണ നിലയിലായിട്ടില്ല. ഈ സാഹചര്യത്തിൽ ഷി ചിൻപിങ്ങിന്റെ വിട്ടുനിൽക്കലിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഉച്ചകോടിക്കിടെ മോദിയും ഷി ചിൻപിങ്ങും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ മാസം റഷ്യയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) യോഗത്തിലും ഇരു നേതാക്കളും പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നില്ല.
അതേസമയം അത്താഴ വിരുന്നിലെ വെജിറ്റേറിയന്‍ മെനു കണ്ടിട്ടാണ് ഇരുവരും പങ്കെടുക്കാതിരുന്നതെന്ന് ട്രോളുകളും വിമര്‍ശനവും ഉയരുന്നുണ്ട്. ഇന്ത്യയിലെ 80 ശതമാനം പേരും സസ്യാഹാരികളല്ലെന്നും, രാജ്യത്തെ ‘ഭക്ഷണ ഫാസിസവും വെജിറ്റേറിയൻ ഇവാഞ്ചലിസവും’ അവസാനിപ്പിക്കണമെന്നും വിമര്‍ശിച്ച് ഇന്ത്യൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ തുങ്കു വരദരാജൻ രംഗത്തെത്തി. വിരുന്നിന്റെ മെനു പങ്കുവച്ചുകൊണ്ടായിരുന്നു വിമർശനം. തങ്ങളുടെ തനതായ ഭക്ഷണരീതി കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്നെ അതിഥികളുടെ ഭക്ഷണ മുൻഗണനകളെ ബഹുമാനിക്കുക എന്നതാണ് ഒരു നല്ല ആതിഥേയന്റെ ലക്ഷണമെന്നും കമന്‍റുകള്‍ വരുന്നു.
എന്നാല്‍ അഥിതികള്‍ക്ക് ഒരുക്കിയ ഭക്ഷണരീതിയെ പ്രശംസിച്ചും പിന്തുണച്ചും കമന്‍റുകളുണ്ട്. ബ്രിക്സ് രൂപീകരിച്ചതിന്റെ ലക്ഷ്യങ്ങളിലൊന്ന് ആതിഥേയ രാജ്യങ്ങൾക്ക് തങ്ങളുടെ തനത് ഭക്ഷണസംസ്കാരം അവതരിപ്പിക്കാനുള്ള അവസരം നൽകുകയാണെന്ന് അഭിജിത് മജുംദാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ‘ഹോട്ട്ഡോഗ്-ബർഗർ’ ഭക്ഷണാധിപത്യത്തെ വെല്ലുവിളിക്കാനാണ് ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ രൂപപ്പെട്ടതെന്ന പരിഹാസത്തോടെയായിരുന്നു അഭിജിത് മജുംദാറിന്റെ പ്രതികരണം
100 ശതമാനം സസ്യാഹാര വിഭവങ്ങളാണ് ലോകനേതാക്കൾക്കായി വിരുന്നിൽ വിളമ്പിയത്. ഹിമാലയൻ താഴ്‌വരകൾ മുതൽ ദക്ഷിണേന്ത്യ വരെയുള്ള വിഭവങ്ങളും ഗുജറാത്തി രുചികളും ഡൽഹിയുടെ പ്രശസ്തമായ മധുരപലഹാരങ്ങളും അടങ്ങിയതായിരുന്നു വിരുന്ന്. ഖാണ്ട്വി മിൽ-ഫ്യൂയി, ഖുംബ് ഗലൗട്ടി, പനീർ ലബബ്ദാര്‍, ഗുച്ചീ മർമിക്, ഹിമാലയൻ മഷ്റൂം, കാരറ്റ്-ബീൻസ് പൊരിയൽ, തക്കാളി ബെല്ലെ സാറു, മില്ലറ്റ് പുലാവ് & ബീറ്റ്‌റൂട്ട് റൈത്ത എന്നിവയായിരുന്നു പ്രധാന വിഭവങ്ങള്‍. വിരുന്നിന്റെ അവസാനം പഴയ ഡൽഹിയുടെ പ്രശസ്തമായ മധുരപലഹാരങ്ങളാണ് വിവിഐപി അതിഥികൾക്ക് നൽകിയത്. ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജലേബി, ഷഹ്തൂത് ഫിർനി എന്നിങ്ങനെ നീളുന്നു മെനു.
ഇന്ത്യയിൽ നിന്നുള്ള നൂറിലധികം കലാകാരന്മാരും ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെയായിരുന്നു അത്താഴവിരുന്ന്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും പങ്കെടുത്തു. ലോക്‌സഭാ സ്പീക്കർ ഓം ബിർള, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.