Image: X, @ndtv
28കാരിയായ അധ്യാപിക പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് കുത്തിക്കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് 21കാരനായ പ്രതി പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് ഫരീദാബാദിലെ ഒരു സ്കൂളിന്റെ ഗേറ്റിന് പുറത്തുവച്ച് സന്ധ്യ വർമ എന്ന അധ്യാപികയെ പ്രതി അമിത് അതിക്രൂരമായി കൊലപ്പെടുത്തിയത്. സന്ധ്യ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽവച്ച് പരിചയപ്പെട്ട യുവാവാണ് പ്രതി. ഇയാളുടെ പ്രണയാഭ്യർഥന സന്ധ്യ നിരസിച്ചതാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് പ്രതിയുടെ മൊഴി.
Also Read:'അഭിജിത് ദീപ്‌കെ ജയിലിലാകും'; രക്ഷപെടാന്‍ പേരിന്‍റെ സ്പെല്ലിങ് മാറ്റാന്‍ ജ്യോത്സ്യന്‍റെ ഉപദേശം
പ്രതി അമിതിൽ നിന്ന് അകലം പാലിച്ച സന്ധ്യ പിന്നീട് സ്കൂൾ മാറി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അന്നുമുതൽ സന്ധ്യയെ അപായപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് മാസം മുൻപുതന്നെ കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകൾ ഇയാൾ നടത്തിയിരുന്നുവെന്നും ഇതിനായി പ്രത്യേകം കത്തി വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഭർത്താവിന്റെ പേരുപറഞ്ഞാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ പ്രതി സന്ധ്യയെ കാണാനായി സ്കൂളിലെത്തിയത്.
Also Read: വന്ദേ ഭാരത് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് ക്യാബിനിൽ നിന്ന് യുവതിയുടെ റീൽ
ഭർത്താവ് വന്നിട്ടുണ്ടെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് സന്ധ്യ സ്കൂളിന്റെ പ്രധാന ഗേറ്റിന് സമീപത്തെത്തിയത്. എന്നാൽ സന്ധ്യയെ കണ്ടയുടൻ ഇയാൾ ദേഹത്തേക്ക് ചാടിവീണ് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 27 തവണ കുത്തിയതായും കത്തി ഒടിഞ്ഞിട്ടും ആക്രമണം തുടർന്നതായും പൊലീസ് പറയുന്നു. നിലത്ത് വീണുകിടന്ന സന്ധ്യയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് അമിത് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. സിസിടിവിയിൽ പതിഞ്ഞ കൊലപാതക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രതിയുടെ ശല്യം സഹിക്കാനാകാതായപ്പോൾ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് സന്ധ്യയുടെ ഭർത്താവ് വിക്കി ഗുർജാർ പറയുന്നു. തുടർന്ന് പ്രതി പരസ്യമായി മാപ്പുപറഞ്ഞിരുന്നു. അന്ന് നൽകിയ പരാതിയിൽ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ തന്റെ ഭാര്യ ഇന്ന് ജീവനോടെയുണ്ടാകുമായിരുന്നുവെന്നും വിക്കി ഗുർജാർ പറയുന്നു. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ കോട്ട് ഗ്രാമവാസിയായ അമിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തേ പോത്തുകളെ വളർത്തി ഉപജീവനം നടത്തിയിരുന്ന ഇയാൾക്ക് നിലവിൽ ജോലിയൊന്നുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഫിറോസ്പൂർ സ്വദേശികളായ വിക്കിയും സന്ധ്യയും പ്രണയിച്ചാണ് വിവാഹിതരായത്. ഏഴും അഞ്ചും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളാണ് ദമ്പതികൾക്കുള്ളത്. അമ്മയുടെ മരണം പോലും തിരിച്ചറിയാൻ പ്രായമാകാത്ത കുഞ്ഞുങ്ങളെയോർത്ത് വേദനിക്കുകയാണ് വിക്കിയും കുടുംബവും.