abhijeet-Dipke-astrologer-prdiction
  • ഫെബ്രുവരി ആറിന് ശേഷം, അഭിജിത് ദീപ്‌കെയുടെ തലയ്ക്ക് മുകളിൽ വലിയൊരു കൂട്ടം പ്രശ്നങ്ങളും സംഘർഷങ്ങളും വന്നുനിറയും എന്നാണ് ജ്യോത്സ്യന്റെ പ്രവചനം

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ അടുത്ത വര്‍ഷം ജയിലിലാകുമെന്ന പ്രവചനവുമായി ജ്യോത്സ്യന്‍റെ വൈറല്‍ വീഡിയോ. 2027, അഭിജിത്തിനെ സംബന്ധിച്ച് വളരെ സമ്മര്‍ദ്ദം ഏറിയ നാളുകളാണ് വരാന്‍ പോകുന്നതെന്നും, സംഖ്യാ ശാസ്ത്രത്തില്‍ വിശ്വാസമുണ്ടെങ്കില്‍ പേരിന്‍റെ അക്ഷരവിന്യാസം മാറ്റണമെന്നുമാണ് ജ്യോതിഷിയുടെ ഉപദേശം. പ്രവചനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ട്രോളുകളും മീമുകളും വാളുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 

സന്ദീപ് ബജാജ്ന്യൂമറോ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ജ്യോത്സ്യന്‍റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'അടുത്ത വർഷം അഭിജിത് ദീപ്‌കെയ്ക്കു വലിയ രീതിയിൽ ഉത്കണ്ഠകളും പിരിമുറുക്കങ്ങളും നിറഞ്ഞതായിരിക്കാം; എന്തിനേറെ, അടുത്ത വർഷം അദ്ദേഹം ജയിലിലാകാൻ പോലും സാധ്യതയുണ്ട്. ഈ വർഷം വൻഭാഗ്യമുള്ളതായി അദ്ദേഹത്തിന് തോന്നിയേക്കാം. എന്നാൽ ഫെബ്രുവരി ആറിന് ശേഷം, അദ്ദേഹത്തിന്‍റെ തലയ്ക്ക് മുകളിൽ വലിയൊരു കൂട്ടം പ്രശ്നങ്ങളും സംഘർഷങ്ങളും വന്നുനിറയും' എന്നായിരുന്നു ജ്യോത്സ്യന്‍റെ പ്രവചനം. 

ന്യൂമറോളജിയില്‍ വിശ്വാസമുണ്ടെങ്കിൽ പേരിന്‍റെ സ്പെല്ലിങ്ങില്‍ മാറ്റം വരുത്താനാണ് ജ്യോതിഷി അഭിജിത് ദിപ്കെയെ ഉപദേശം. ജ്യോത്സ്യന്‍റെ വീഡിയോ നെറ്റിസണ്‍സ് ഏറ്റെടുത്തിട്ടുണ്ട്. അഭിജിത് ദീപ്‌കെ തന്‍റെ ജോലി കൃത്യമായി ചെയ്തെന്നു ചിലര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, അദ്ദേഹത്തെ ജയിലിലടയ്ക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ വാദം. 'ഏറ്റവും അത്യാവശ്യമായ ഘട്ടത്തിൽ ഭയത്തിന്‍റെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ ആളാണ് അഭിജിത് ദീപ്‌കെ, ഒരു പ്രവചനത്തിനും ആ ധൈര്യത്തെ ഇല്ലാതാക്കാൻ കഴിയില്ല' എന്നുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്. 

നേരത്തെ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുന്‍പ്, 'എയർപോർട്ടിൽ വെച്ച് താൻ അറസ്റ്റ് ചെയ്യപ്പെടാനാണ് കൂടുതൽ സാധ്യത' എന്ന് അഭിജിത് ദീപ്‌കെ പറഞ്ഞിരുന്നു. എങ്കിലും, വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധത്തിന് അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെയും സമാധാനപരമായ ഒത്തുകൂടലിന്‍റെയും ഭരണഘടനാപരമായ സംരക്ഷണം ലഭിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും അന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനു ശേഷമാണ് ഇന്ത്യയിലേക്ക് അഭിജിത് ദീപ്‌കെ എത്തിയത്. പിന്നീട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയിലേക്കുവരെ എത്തുന്ന രീതിയില്‍ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ അണിനിരന്നതും രാജ്യം കണ്ടു. 

ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ജയിലിലാക്കുകയും നിശബ്ദരാക്കുകയും ചെയ്യുന്ന കാലത്ത്, ജ്യോത്സ്യന്‍റേത് ഒരു പ്രവചനം അല്ലെന്നാണ് ചിലരുടെ നിരീക്ഷണം. ഇന്ത്യയിലെ സമകാലിക സംഭവങ്ങളെ ശ്രദ്ധിക്കുന്ന ഏതൊരാളിന്‍റെയും ദീര്‍ഘവീക്ഷണമാണ് ആ വാക്കുകളെന്നും സൈബര്‍ ലോകത്ത് പ്രതികരണമുണ്ട്. 

ENGLISH SUMMARY:

Abhijit Dipke jail prediction is gaining traction online after an astrologer shared a viral video foreseeing his imprisonment next year. The astrologer also advised him to change his name's spelling based on numerology due to anticipated stress and challenges.