Image Credit: instagram/ashmalikupcop
തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിലേക്കെത്താന് ബുദ്ധിമുട്ടിയ ഭിന്നശേഷിക്കാരനെ തോളിലേറ്റി ട്രെയിന്‍ കയറ്റി പൊലീസ് ഓഫിസര്‍. ഉത്തര്‍പ്രദേശ് പൊലീസ് ഓഫിസറായ അശ്വനികുമാറാണ് ഹൃദയം തൊടുന്ന പ്രവര്‍ത്തി കൊണ്ട് സമൂഹമാധ്യമങ്ങളിലെ താരമായിരിക്കുന്നത്. മറ്റൊരാളെ സഹായിക്കണമെങ്കില്‍ എപ്പോഴും പണം തന്നെ കയ്യില്‍ വേണമെന്നില്ല, കരുതലുള്ള ഒരു ഹൃദയം തന്നെ ധാരാളം' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വെപ്പുകാലുമായി ഒരാള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്കുള്ള കോണിപ്പടി കയറാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് അശ്വനി കുമാര്‍ വന്നത്. മടിയൊന്നും കൂടാതെ ഭിന്നശേഷിക്കാരനെ തന്‍റെ തോളിലേറ്റി തിരക്കേറിയ പ്ലാറ്റ്ഫോമിലൂടെ അശ്വനികുമാര്‍ നടന്നു. യാത്ര ചെയ്യേണ്ട ട്രെയിനില്‍ കയറ്റി ഇരുത്തിയ ശേഷമാണ് അദ്ദേഹം പോയതും.
നിരവധിപ്പേരാണ് അശ്വനികുമാറിന്‍റെ വിഡിയോയ്ക്ക് ചുവടെ അഭിനന്ദന കമന്‍റുകളിട്ടിരിക്കുന്നത്. സഹാനുഭൂതിയും മനുഷ്യത്വവും ഇനിയും തീര്‍ന്നുപോയിട്ടില്ലെന്നും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് നാടിന് ആവശ്യമെന്നും ആളുകള്‍ കുറിച്ചു. ഇതൊക്കെയാണ് ഹീറോയിസമെന്ന് കുറിച്ചവരും കുറവല്ല. മറ്റുചിലരാവട്ടെ പൊലീസുകാരില്‍ നിന്നും ലഭിച്ച സമാനമായ സഹായങ്ങളും വിഡിയോയ്ക്ക് ചുവടെ പങ്കുവച്ചിട്ടുണ്ട്.