12th Fail എന്ന സിനിമയിലേതിന് ഏറെകുറേ സമാനമായ കഥ കഴിഞ്ഞ ദിവസം പാലക്കാട്ട് സംഭവിച്ചു. പൊലീസ് നടത്തുന്ന പി.എസ്.സി ക്ലാസിന് വരാൻ മടിച്ച് മുങ്ങി നടന്ന അകമലവാരം ആനക്കൽ ഊരിലെ വിനുവിനോട് ക്ലാസ്സ് നടത്തുകയായിരുന്ന അന്നത്തെ മലമ്പുഴ CI സുജിത്ത് ഒരു കാര്യം പറഞ്ഞു. ആ ഒറ്റവാക്കിൽ വിനു പിന്നീട് പൊലീസായി, അതേ CI യുടെ സ്റ്റേഷനിൽ നിയമനവും നേടി. രസകരമായ ആ കഥ കാണാം...
ആനക്കൽ ഊരിൽ പി.എസ്.സി പരിശീലനത്തിനെത്തിയതായിരുന്നു അന്നത്തെ മലമ്പുഴ സി.ഐ സുജിത്. ക്ലാസിനു കയറാതെ മുങ്ങി നടന്ന വിനുവിനെ കയ്യോടി പൊക്കിയ സിഐ ഒരുകാര്യം പറഞ്ഞു. അടുത്ത വർഷം നീ എന്റെ മുന്നിൽ പൊലീസ് യൂണിഫോമിലുണ്ടാകണം. വാക്ക് നെഞ്ചേറ്റിയ വിനു പഠിച്ചു, ജോലി നേടി. ആദ്യ പോസ്റ്റിങ് സുജിതിനു കീഴിൽ കസബ സ്റ്റേഷനിൽ തന്നെ കിട്ടി. ഒരു നിയോഗം പോലെ.
പഠിക്കാൻ പ്രേരിപ്പിച്ചയാൾക്ക് മുന്നിൽ തന്നെ ആദ്യ സല്യൂട്ട് നൽകാനായതിൽ വിനുവിനും അഭിമാനം. അധ്യാപകനായിരിക്കെ പൊലീസിൽ ജോലി ലഭിച്ചയാളാണ് സുജിത്ത്. ഊരുകളിൽ PSC ക്ലാസ് എടുത്ത് സർക്കാർ ഉദ്യോഗത്തിലേക്ക് അവരെ അടുപ്പിക്കാൻ പ്രചോദനമായതും അതാണ്. ജോലി നേടിയ വിനുവും ഇപ്പോൾ പഠിപ്പിക്കുന്നുണ്ട്. അന്ന് ഒരേ ക്ലാസിൽ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തവർ ഇന്ന് ഒരു സ്റ്റേഷനിൽ നിയമപാലനത്തിലാണ്. ഏറ്റവും മനോഹരമായ കാഴ്ച...