അകാലത്തിൽ മരിച്ച മകൻറെ പേരിൽ ഗ്രന്ഥാലയം തുടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി പിതാവും മടങ്ങി. ഒടുവിൽ ആ സ്വപ്നം പൂർത്തിയാക്കിയിരിക്കുകയാണ് കാസർകോട് നെടുവട്ടംവയലിലെ നാട്ടുകാർ. വാഹനാപകടത്തിൽ മരിച്ച അഖിൽ രാജിന്റെ പേരിലാണ് ഓർമ്മദിനത്തിൽ നാട്ടുകാർ കൈകോർത്ത് ലൈബ്രറി പൂർത്തിയാക്കിയത്.
2023 ലാണ് നാടിനെയും വീടിനെയും കണ്ണീരിലാഴ്ത്തി നടുവട്ടംവയൽ സ്വദേശി അഖില്‍ രാജ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. അകാലത്തിൽ നഷ്ടപ്പെട്ട മകൻറെ ഓർമ്മയ്ക്കായി പിതാവ് പി.കെ രാജൻ നാട്ടിൽ ഒരു ലൈബ്രറി വേണമെന്ന് ആഗ്രഹിച്ചു. സ്ഥലം വാങ്ങി തറകെട്ടി. പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതിനിടയാണ് കഴിഞ്ഞവർഷം അപ്രതീക്ഷിതമായി രാജനും വിട പറയുന്നത്. മകനും ഭർത്താവും നഷ്ടപ്പെട്ട സുനിത ദുഃഖം പേറി ഒതുങ്ങിക്കൂടാൻ തയ്യാറായില്ല. ഭർത്താവിൻറെ ദൗത്യം നടപ്പാക്കാൻ തീരുമാനിച്ചു. പിന്തുണയുമായി നാട്ടുകാരും.
നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ രാജന്റെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി. അഖിൽ രാജന്റെ ഓർമ്മ ദിനത്തിലാണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്. കണ്ടാലയത്തിലേക്ക് വേണ്ട ഉദ്ഘാടനദിവസം നാട്ടുകാർ സംഭാവന ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ആയിരം പുസ്തകം തികച്ച് കൗൺസിൽ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.