ഇടംകൈ കാന്‍സര്‍ കാര്‍ന്നുതിന്നിട്ടും ജീവിതത്തിന്‍റെ വേഗം സനോജ് കുറച്ചില്ല. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നഷ്ടപ്പെട്ട ഇടംകൈയെ ഓര്‍ത്ത് സഹതപിക്കാതെ പേരിന് മുന്നില്‍ ചേര്‍ത്തത് ഡോക്ടറേറ്റ് ആണ്. കാന്‍സര്‍ അതിജീവന പോരാട്ടത്തില്‍ തോറ്റുകൊടുക്കാത്ത പോരാളിയായ പാലക്കാട് സ്വദേശി ഡോ. സനോജിനെ കേരള കാനിലൂടെ പരിചയപ്പെടുത്തുന്നു.
രണ്ടുകൈകള്‍ ഉള്ളവര്‍ പോലും പോകാന്‍ മടിക്കുന്ന പാതകള്‍ ഇക്കാലത്തിനിടെ സനോജ് താണ്ടി. വാശി ജീവിതത്തിനോട് ആയിരുന്നില്ല. പരിമിതികളോട് ആയിരുന്നു. അതാണീ അതിജീവനവും. അസ്ഥിയെ തൊട്ട കാന്‍സറിന് മുന്നില്‍ ജീവിതം തൊറ്റുകൊടുക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചത് മുതലാണ് ജീവിച്ച് തുടങ്ങിയതെന്ന് സനോജ് പറയും
രോഗം പടര്‍ന്നുതുടങ്ങിയ നാളില്‍ ആര്‍സിസിയിലെ വരാന്തയിലൂടെ നടന്നപ്പോള്‍ ഭയമാണ് ഉള്ളില്‍ നിറഞ്ഞത്. തോറ്റുകൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് കോഴിക്കോട് ദേവഗിരി കോളജിലെ ഹിന്ദി വകുപ്പ് മേധാവിയുടെ കസേരയില്‍ ഒരു കൈയില്ലാതെ കാലുകള്‍ ഉറപ്പിച്ചിരിക്കാന്‍ കാരണമെന്ന് സനോജ് പറയുന്നു.
ഈ അതിജീവനകാലം ആര്‍ക്കും പ്രചോദനമാകുമ്പോഴും കാന്‍സറിന്‍റെ വേരുകള്‍ സനോജിന്‍റെ ശരീരത്തില്‍ വീണ്ടും പിടിമുറുക്കുന്നുണ്ട്. രണ്ടുതവണ വന്ന രോഗം മൂന്നാം ഊഴത്തിലൂടെ കഴുത്തിനെയാണ് ബാധിച്ചിരിക്കുന്നത്. മുറിച്ചുമാറ്റിയ കൈയുടെ സ്ഥാനത്ത് കൃത്രിമകൈ വന്നെങ്കിലും കാന്‍സര്‍ കഴുത്തിലേക്ക് പടര്‍ന്നതോടെ വീണ്ടും സനോജിന് കൈ ഇല്ലാതെയായി.പോരാളിയുടെ ലോകം പോരാട്ടമാണല്ലോ, സനോജ് പോരാളിയും.