പാലക്കാട്ട് കാടിറങ്ങുന്ന പുലികളുടെ എണ്ണം കുത്തനെ കൂടി. ഒരു മാസത്തിനിടെ ജില്ലയിൽ പലയിടങ്ങളിൽ നിന്നായി 3 പുലികൾ കൂട്ടിലായെങ്കിലും അതിലും ഇരട്ടി ജനവാസ മേഖലയിൽ എത്തുന്നുണ്ടെന്നാണ് ആശങ്കപെടുത്തുന്ന കണക്ക്.
മണ്ണാർക്കാട്ടിൽ തന്നെ തത്തേങ്ങലം, മലമ്പുഴ, അകത്തേതറ, മുണ്ടൂർ ഞാറക്കോട്, കല്ലടിക്കോട്, അട്ടപ്പാടി, നെല്ലിയാമ്പതി, മംഗലംഡാം എന്നിവിടങ്ങളിൽ സ്ഥിരമായി പുലിയെത്തുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടങ്ങളിൽ ക്യാമറ വച്ച് നിരീക്ഷിക്കുന്നുണ്ട്, കൂടുവെച്ച് കാത്തിരിക്കുന്നുണ്ട്. മലമ്പുഴ നവോദയ സ്കൂളിലെ സമീപം പുലിക്കായി കൂട് ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ പലയിടങ്ങളിലായി കാടിറങ്ങുന്ന പുലികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. എത്തുന്നത് അധികവും അഞ്ചുവയസ്സിൽ താഴെയുള്ളവ. വളർത്തു നായ്കളെ തേടിയാണ് കൂടുതലും എത്തുന്നത്. ജനവാസ മേഖലയോട് ചേർന്ന അടിക്കാടുകളും നായകളെ വളർത്തുന്നതും സാഹചര്യം അനുകൂലമാക്കുകയാണ്. വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാണെങ്കിലും അടുത്തിടെയുണ്ടായ വർദ്ധനവ് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത് . ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. പുലികളുടെ ആവാസ വ്യവസ്ഥയിൽ പൊടുന്നനേയുണ്ടാകുന്ന മാറ്റം വനംവകുപ്പ് കാര്യമായി പരിശോധിച്ചു വരികയാണ്.