ശക്തമായ വേനല്‍മഴയില്‍, പാലക്കാട് ഒറ്റപ്പാലത്തും സംഭരണത്തിനായി സൂക്ഷിച്ച നെല്ല് കുതിര്‍ന്ന് നശിക്കുന്നു. ചുനങ്ങാട് പാടശേഖരത്തില്‍ നിന്ന് വിളവെടുത്ത മുപ്പത് ടണ്ണോളം വരുന്ന നെല്ലാണ് നനഞ്ഞുപോയത്. സഹകരണ സംഘങ്ങള്‍ വഴിയുള്ള സപ്ലൈക്കോയുടെ നെല്ല് സംഭരണം എങ്ങുമെത്തിയിട്ടില്ല.
ചുനങ്ങാട് മഞ്ഞളാടിപ്പടി പാടശേഖരത്തിലാണ് ഈ ദുരിതക്കാഴ്ച. 30 ഏക്കറില്‍ നിന്നായി കഴിഞ്ഞമാസം അവസാനം കൊയ്തെടുത്ത നെല്ലാണിത്. വേനല്‍മഴ ശക്തമായതോടെ ചാക്കില്‍ ശേഖരിച്ചുവച്ച നെല്ല് മുഴുവന്‍ വെള്ളത്തിലായി. പാട്ടത്തിനെടുത്തും ആഭരണം പണയംവച്ചും കൃഷി ഇറക്കിയവരാണ് പലരും.
ലോറികള്‍ എത്താനുള്ള എളുപ്പത്തിന് വീടുകളില്‍ സൂക്ഷിച്ച നെല്ല് തിരിച്ച് പാടശേഖരങ്ങളിലേക്ക് മാറ്റിയ കര്‍ഷകരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായത്. ഇക്കുറി മെച്ചപ്പെട്ട വിളവ് ലഭിച്ച കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പുതിയ സംഭരണ രീതി പൂര്‍ണമായും പാളിയ മട്ടാണ്. ദേശസാത്കൃത ബാങ്കുകള്‍ക്ക് പകരം സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് സംപ്ലൈക്കോയുടെ സംഭരണം. കഴിഞ്ഞ വര്‍ഷത്തേക്കാളും മെല്ലപ്പോക്കാണ് ഇക്കുറിയെന്നാണ് ആക്ഷേപം.