എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം തുടങ്ങിയ നാള്‍ മുതല്‍ മലയാളികള്‍ കേട്ടുതുടങ്ങിയ പേരാണ് വളര്‍മതി. മൂന്നാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കാതിരുന്നപ്പോള്‍ നിരാഹാര സമരം തുടങ്ങിയ 40 കാരി. ഒരു നിയമനത്തിനുവേണ്ടി മാത്രമല്ല, നൂറുകണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾക്ക് ശബ്ദമായ ഒരമ്മയുടെ പോരാട്ടം.
പ്രതീക്ഷയറ്റ ഒരുപാട് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സ്വപ്നങ്ങള്‍ മുറുകെപ്പിടിച്ചായിരുന്നു വളര്‍മതിയുടെ പ്രഖ്യാപനം. ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് റോഡരികിലെ സമരപ്പന്തലില്‍ കഴിഞ്ഞ 13 നാള്‍. ക്ഷീണത്താൽ പാതി കണ്ണടഞ്ഞു. ഡ്രിപ്പിട്ട് കൈകൾ നീലിച്ചു. ശരീരം വിറച്ചു. പക്ഷേ പിന്മാറിയില്ല.
പാലക്കാട് എലപ്പുള്ളി എന്ന ഗ്രാമത്തിൽ നിന്ന് അതുവരെ പരിചിതമല്ലാത്ത സമര മുഖത്തേക്ക് വളർമതിയെ എത്തിച്ചത് ജീവിത സാഹചര്യമാണ്. പറക്കമുറ്റാത്ത രണ്ടു പെൺമക്കളെയും പ്രായമായ അമ്മയെയും നോക്കേണ്ട ഉത്തരവാദിത്വം. ഈ വർഷത്തിനപ്പുറം ഇനി പിഎസ്‌സി പരീക്ഷ എഴുതാനാകില്ലെന്ന തിരിച്ചറിവ്.
'സർക്കാർ ലാഘവത്തോടെ കണ്ടു. ഇതുമായി ബന്ധപ്പെട്ട് ഓടിനടന്ന് പ്രതീക്ഷയറ്റപ്പോഴായിരുന്നു സമരം. നിരാഹാരം നീതിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നെന്ന് വളര്‍മതി പറയുന്നു. ഒടുവിൽ സമരത്തിന് മുൻപിൽ സർക്കാർ മുട്ട് മടക്കി. വരണ്ട തൊണ്ടയെ വരുതിയിലാക്കാൻ പാടുപെട്ട് വളർമതി വിജയം പ്രഖ്യാപിക്കുമ്പോൾ ഒപ്പം നിന്നവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
38 ദിവസത്തിന് ശേഷം വളർമതി നാട്ടിലേക്ക് മടങ്ങുകയാണ്. സ്മാർട്ട് ഫോണില്ലാത്ത വീട്ടിൽ വീഡിയോ കോളിലൂടെ പോലും അമ്മയെ കാണാനാകാതിരുന്ന പെൺമക്കൾക്കരികിലേക്ക്. അവരെ ഒന്ന് ചേർത്തണച്ച് വളർമതി തിരികെ വരും. പേരിന്‍റെ അർത്ഥം പോലെ പൂർണചന്ദ്രന്‍റെ ശോഭ പരത്തി സമരം ലക്ഷ്യത്തിലെത്തിക്കാൻ.