കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള 'ആശ്വാസകിരണം' സഹായ ധനത്തിനായി അപേക്ഷ നൽകി എട്ടു വർഷമായി കാത്തിരിക്കുകയാണ് വയനാട്ടിലെ ഒരു നിർധന കുടുംബം. വർഷങ്ങളായി തളർന്നു കിടക്കുന്ന പോത്തുമൂല സ്വദേശി വെങ്കിടദാസനും ഭാര്യയും മൂന്നു മക്കളും ഇപ്പോൾ കഴിയുന്നത് അയൽ വാസികളുടെ സഹായത്തോടെയാണ്.
2018 ജനുവരിയിലാണ് പോത്തുമൂല സ്വദേശി വെങ്കിട ദാസൻ ശരീരം തളർന്ന് കിടപ്പിലാകുന്നത്. ഭർത്താവിനെ പരിചരിക്കണം, മുന്ന് മക്കളുടെ പഠന ചെലവ് അടക്കമുള്ള കാര്യം നോക്കണം. നെട്ടോട്ടമോടുകയാണ് ഭാര്യ രജിത. മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് മക്കളെ ഹോസ്റ്റലുകളിലേക്ക് മാറ്റിയത്. അതോടെ മിണ്ടാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയായി.
കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 'ആശ്വാസകിരണം' പദ്ധതിയിൽ നിന്ന് സഹായം ലഭിക്കാനായി 2018 ഒക്ടോബറിൽ ആദ്യ അപേക്ഷ നൽകി. തുടർന്ന് 2022-ലും 2023-ലും 2026-ലുമായി അപേക്ഷ സമർപ്പിച്ചു. പക്ഷേ, പ്രയോജനമുണ്ടായില്ല. തുച്ഛമായ തുകയാണെങ്കിലും അതുപോലും നൽകാൻ അധികൃതർ കനിവ് കാണിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു.
ജനപ്രതിനിധികളെയും മന്ത്രിമാരെയും സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടറെയും മാറി മാറി നേരിൽ കണ്ട് ദയനീയ സ്ഥിതി ബോധ്യപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. പദ്ധതികൾ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. അത് അർഹർക്ക് കിട്ടുന്നുണ്ടോന്ന് ഉറപ്പു വരുത്തേണ്ട ചുമതല കൂടി പ്രഖ്യാപിക്കുന്നവർക്കുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.