വയോജനങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന തലത്തില്‍  ഡയറക്ടറേറ്റും ജില്ലാ തലത്തില്‍ വയോജന ക്ഷേമ ഉദ്യോഗസ്ഥരും വരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഉദ്യോഗസ്ഥ സംവിധാനമൊരുക്കാന്‍ നിര്‍ദേശം. പ്രായമായവരുടെ സംരക്ഷണം അവകാശമാക്കാനായി സംസ്ഥാന വയോജന ബില്ലും നിയമസഭയില്‍ അവതരിപ്പിക്കും. വീട്ടില്‍ തന്നെ പരിചരണം ഉറപ്പാക്കലും തൊഴില്‍ മേഖല ഒരുക്കലും ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വി.ഡി.സതീശന്‍ സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങളിലൊന്നായിരുന്നു വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ്. മുഖ്യമന്ത്രി തന്നെ ഏറ്റെടുത്ത ആ വകുപ്പിന് പ്രവര്‍ത്തന രൂപരേഖയാവുകയാണ്. സംസ്ഥാനതലത്തില്‍ വയോജന ക്ഷേമ ഡയറക്ടറേറ്റ് രൂപീകരിക്കും.  ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും ഉള്‍പ്പടെ 11 തസ്തികകളും ഇതിനായി സൃഷ്ടിച്ചു. 14 ജില്ലയിലും പ്രത്യേക ഓഫീസുകളുണ്ടാവും. ഇവിടെ വയോജന ക്ഷേമ ഓഫീസറാണ് അധികാരി. വിവിധ വകുപ്പുകളിലായി കിടക്കുന്ന വയോജന പദ്ധതികളെല്ലാം ഇനി ഓഫിസുകളിലേക്ക് മാറ്റും. അതിനാല്‍ വിവിധ പ്രശ്നങ്ങളുടെ പരിഹാരത്തിനും ആനുകൂല്യങ്ങള്‍ക്കുമെല്ലാം ഇനി ആദ്യം ജില്ലാതല ഓഫിസിലെത്തിയാല്‍ മതിയാവും. 

ഇതോടൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമാക്കിയ സേവനാവകാശ നിയമത്തിന്‍റെ മാതൃകയില്‍ സംസ്ഥാന വയോജന പരിചരണ സംരക്ഷണ അവകാശ ബില്ലും അണിയറയില്‍ ഒരുങ്ങുകയാണ്. സ്വന്തം വീടുകളില്‍ പരിചരണം ഉറപ്പാക്കുക, പരിപാലനത്തിനായി വിദഗ്ധരായ കെയര്‍ ഗ്രീവര്‍മാരുടെ പട്ടിക തയാറാക്കുക, വയോജന പരിചരണ കേന്ദ്രങ്ങളില്‍ മികച്ച സൗകര്യം ഉറപ്പുവരുത്തുക, സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നുള്ള പരിരക്ഷ, പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുക തുടങ്ങിയവയാണ് ബില്ലില്‍ ഉള്‍പ്പെടുത്തുന്ന പ്രധാന നിര്‍ദേശങ്ങള്‍. വരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ശ്രമം.

ENGLISH SUMMARY:

The Kerala state government is set to establish a dedicated Senior Citizen Directorate at the state level and appoint welfare officers across all 14 districts within three months. Headed directly under the portfolio of Chief Minister V.D. Satheesan, this initiative aims to consolidate all scattered elderly welfare schemes under a single department to streamline services and grievance redressal.