സ്വകാര്യ ആശുപത്രികളിലെ അമിത കൊള്ളയ്ക്ക് മൂക്കുകയർ ഇടാൻ ആരോഗ്യ വകുപ്പ്. പരിശോധന ചെലവ് ഉൾപ്പെടെ നിയന്ത്രിക്കാൻ നിയമസഭയിൽ ബിൽ കൊണ്ടുവരാനാണ് നീക്കം. മരുന്ന് പ്രതിസന്ധി ചർച്ച ചെയ്യാൻ KMSCL അടിയന്തര ബോർഡ് യോഗം വിളിച്ചു.
ഡോക്ടറെ കാണണമെങ്കിൽ അമിത കൂലി , കണ്ടാലോ പരിശോധനകൾക്ക് അന്യായ നിരക്ക് , മരുന്നു വാങ്ങാൻ കിടപ്പാടം പണയപ്പെടുത്തേണ്ട അവസ്ഥ, സ്വകാര്യ ആശുപത്രികളിൽ കാര്യമായ ഒരു പനിക്ക് ചികിത്സ തേടിയാൽ പോലും കുടുംബം വെളുപ്പിക്കുന്ന ഈ സ്ഥിതിക്ക് പരിഹാരം കാണാനാണ് സംസ്ഥാന ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അമിതവില ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പഠിക്കും.
ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും, KMSCL എംഡിയും സമിതിയിൽ അംഗങ്ങളായിരിക്കും. വാണിജ്യവിലയേക്കാൾ കുറവിൽ രോഗികൾക്ക് മരുന്ന് നൽകാനാകുമോ, രോഗനിർണയ ചെലവ് കുറയ്ക്കാനാകുമോ, മുറി വാടക കുറയ്ക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് നിർദ്ദേശം.
സർക്കാർ ഇൻഷുറൻസ് സ്വകാര്യ ആശുപത്രികളിൽ ലഭ്യമാക്കാൻ കഴിയുമോ എന്നും കെഎംഎസ്‍സിഎൽ വഴി
സ്വകാര്യ ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്യാനാകുമോ എന്നും സമിതി പരിശോധിക്കും. ശുപാർശകളോട് കൂടി റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദ്ദേശിച്ചിരിക്കുന്നത്. വില നിയന്ത്രണത്തിന് വഴിതുറക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനും നീക്കമുണ്ട്. ബഹുരാഷ്ട്ര കുത്തക കമ്പനികൾ സ്വകാര്യ ആശുപത്രികളുടെ നിയന്ത്രണം ഏറ്റെടുത്തതോടെ പാവപ്പെട്ടവർക്ക് ചികിത്സ സാധ്യമാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് സുപ്രധാന നീക്കം. എന്നാൽ തീരുമാനങ്ങൾ എടുക്കും മുമ്പ് മതിയായ ചർച്ചകൾ വേണമെന്ന് ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷൻ.
ഇതിനിടെ മരുന്ന് പ്രതിസന്ധി ചർച്ചചെയ്യാൻ അടിയന്തര KMSCL ബോർഡ് യോഗം ചേരും. തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗം പ്രധാന തീരുമാനങ്ങൾ എടുക്കാതെ പിരിഞ്ഞിരുന്നു. ആരോഗ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെയാണ് വീണ്ടും അടിയന്തരയോഗം വിളിച്ചത്.