കിഴക്ക് വെള്ള കീറുമ്പോൾ വയനാടിന്‍റെ പച്ചപ്പിൽ ഒരു അറുപത്തൊൻപതുകാരൻ ബൂട്ടു കെട്ടി കളിക്കളത്തിലിറങ്ങും. സ്വന്തം തലമുറയ്ക്കു മാത്രമല്ല, പിൻതലമുറകൾക്കുകൂടി വിസ്മയമാണ് അമ്പലവയൽ മാങ്കൊമ്പ് സ്വദേശിയായ പി.എച്ച് ജെയിംസ്. ഇന്നത്തെ വയോജനദിനത്തിൽ ഈ പോരാളിയെ പരിചയപ്പെടാം.  

ഈ മൈതാനത്ത് കാൽപന്ത് ഉരുളുമ്പോൾ അതിനു പിന്നാലെ ഒരു അറുപത്തൊൻപതുകാരനുണ്ടാകും. പന്തിനുണ്ടോ പ്രായമെന്നു ആരും ചോദിച്ചുപോകും.. ആ കാലുകളിൽനിന്ന് പന്ത് തട്ടിയെടുക്കാൻ ഇളംതലമുറക്കാർക്കുപോലും കഴിയാറില്ല. 

1973-ൽ പന്തു തട്ടിതുടങ്ങുമ്പോൾ ജയിംസ് എന്ന യുവാവ് ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല, അര നൂറ്റാണ്ടു കഴിഞ്ഞാലും താൻ ഇങ്ങനെയായിരിക്കുമെന്ന്. കൗമാരക്കാരെപ്പോലും അതിശയിപ്പിക്കുന്ന വേഗതയും കൃത്യതയാർന്ന ഡ്രിബ്ലിങ്ങും. പന്ത് കാലിൽ കിട്ടിയാൽ പിന്നെ ഈ വയോധികൻ കളിക്കളത്തിൽ കൊടുങ്കാറ്റാണ്. ഒപ്പം കളിച്ചു തുടങ്ങിയവരെല്ലാം ബൂട്ടഴിച്ചുവെച്ചപ്പോഴും ജെയിംസ് ചേട്ടന്റെ അടങ്ങാത്ത വീര്യം ഇന്നും ഈ മൈതാനത്തിലെ പച്ചപ്പു പോലെ നിത്യഹരിതമാണ്.

അടങ്ങാത്ത അഭിനിവേശവും തീരാത്ത ഊർജവും കാലുകളിലുമുണ്ടെങ്കിൽ കാലത്തെയും പിടിച്ചുകെട്ടാമെന്ന് ജയിംസ് തെളിയിച്ചിരിക്കുകയാണ്. അത്തരം അതിർവരമ്പുകൾക്കുള്ളിൽ ആരെയും തളച്ചിടാനാവില്ലെന്നുകൂടി കാൽപ്പന്തിൻ്റെ ഈ കാമുകൻ ഓർമിപ്പിക്കുന്നു. ജീവിതം ആഘോഷമാക്കാൻ ഇതൊക്കെ ധാരാളം മതിയെന്ന് വിളിച്ചുപറയുകയാണ് അദ്ദേഹം. ഈ വയോജനദിനത്തിൽ മാത്രമല്ല, വരാൻ പോകുന്ന ദിനങ്ങളിലും ഊർജവും അഭിനിവേശവുമൊക്കെ എല്ലാവർക്കും മാതൃകയായി ജെയിംസിൻ്റെ മനസ്സിലും ശരീരത്തിലുമുണ്ടാകും. 

ENGLISH SUMMARY:

Sixty-nine-year-old P.H. James from Ambalavayal Mangomb in Wayanad continues to awe local football enthusiasts with his remarkable skill and agility on the pitch. Having started playing football back in 1973, he has maintained an unbroken passion for the game for over five decades. While most of his peers hung up their boots long ago, James remains active on the field, exhibiting swift dribbling and stamina that rivals teenage players. Featured on International Day of Older Persons, his energetic lifestyle serves as an extraordinary model of dedication and healthy living for the younger generation.