മരണക്കയത്തിൽനിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ആളിനായി സ്വന്തം ജീവൻ വെടിഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ സര്‍ക്കാര്‍ കൈവിടില്ലെന്ന പ്രതീക്ഷയില്‍ കുടുംബം. ഭാര്യയ്ക്ക് ജോലി നൽകുമെന്ന ഉറപ്പ് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. കണ്ണൂര്‍ ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്‍കി രക്ഷിച്ചെങ്കിലും രാജേഷിന് നീന്തിക്കയറാനായില്ല. കടുത്ത സാമ്പത്തിക പ്രയാസത്തിലാണ് അമ്മയും അച്ഛനും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബം.  

മടങ്ങി വരാത്തിടത്തേക്ക് യാത്ര പറയാതെ യാത്രയായ പ്രിയപ്പെട്ടവൻ അരികിൽ അന്തിയുറങ്ങുമ്പോഴും ഉള്ളുലയ്ക്കുന്ന ആന്തലാണ്. രാജേഷെന്ന കരുത്ത് ചെറുപുഴയിലെ കയത്തിലാഴ്ന്ന് ഇനിയില്ലെന്ന് ഓർക്കുമ്പോൾ ഷാഫിയയ്ക്ക് ഒരു മരവിപ്പ് കയറും. കുടുംബത്തിന്‍റെ ഒരേയൊരു പ്രതീക്ഷ സര്‍ക്കാര്‍ അനുവദിക്കുമെന്നു കരുതുന്ന സഹായത്തിലാണ്. രാജേഷിനെ അവസാനമായി കണ്ട് കണ്ണീര്‍ തുടച്ച് മടങ്ങിയ മുഖ്യമന്ത്രി കൈവിടില്ലെന്ന് വിശ്വാസം. 

തനിക്കൊരു ജോലി തരാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ചേട്ടന്‍റെ സാമ്പത്തിക ബാധ്യതയും വീട്ടാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. ആ പ്രതീക്ഷയിലാണ് ഞങ്ങളുള്ളത്. സര്‍ക്കാരിനെ വിശ്വാസമാണെന്ന് രാജേഷിന്‍റെ ഭാര്യ ബി. ഷാഫിയ പറയുന്നു.  മകനെ നഷ്ടമായതിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് അമ്മ ഗീതയ്ക്കറിയാം. പ്രയാസങ്ങള്‍ക്ക് പഞ്ഞമില്ലാത്ത വീട്ടിലാണ് അന്തിയുറങ്ങുന്നത്. 

മക്കളെ പഠിപ്പിക്കണം. പാതിവഴിയില്‍ നിലച്ച പണിതീരാത്ത വീട് അടച്ചുറപ്പുള്ളതാക്കണം. അകാലത്തില്‍ ഇളയ മകനെ നഷ്ടപ്പെട്ട് രാജേഷിനെ മാത്രം കരുതി ജീവിച്ച അച്ഛനും അമ്മയ്ക്കും തണലാവണം. കൈയിലില്ലെങ്കിലും കടം വാങ്ങി മറ്റുള്ളവര്‍ക്ക് കരുതലൊരുക്കിയിരുന്ന രാജേഷിന്‍റെ സാമ്പത്തിക ബാധ്യതയും തീര്‍ക്കണം. ഞങ്ങളുണ്ടെന്ന് പല കോണുകളില്‍ നിന്നുള്ള ആശ്വാസ വാക്കുകളാണ് ഷാഫിയയുടെ പ്രതീക്ഷ. മറ്റുള്ളവരോടുള്ള കരുതലില്‍ സര്‍വതും ത്യജിക്കാനുള്ള ധീരതയാണ് ഏറ്റവും വലിയ സ്നേഹമെന്ന് തെളിയിച്ച രാജേഷിനെ മറക്കാനാവില്ലല്ലോ...

ENGLISH SUMMARY:

Malayala Manorama Online News reports on the family of Rajesh, a hero from Thiruvananthapuram's Kallyoor, who sacrificed his life to save another. The family is hopeful that the Kerala government will provide assistance, including a job for his wife, during today's cabinet meeting.