AI Image
വളര്‍ത്തുനായയുടെ അവസരോചിതമായ ഇടപെടല്‍ രക്ഷിച്ചത് 63 പേരുടെ ജീവന്‍. ഹിമാചല്‍പ്രദേശില്‍ കനത്തമഴയില്‍ നിരവധി ആളുകള്‍ മരിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 30ന് തുടങ്ങിയ മഴ മണ്ഡിയിലെ സിയാതി ഗ്രാമത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. 12.30നും ഒരുമണിക്കും ഇടയിലാണ് സംഭവം. പ്രദേശത്ത് കനത്ത മഴ പെയ്തപ്പോൾ, വീടിന്റെ താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന നായ അസാധാരണമായി കുരയ്ക്കാനും ഓരിയിടാനും തുടങ്ങി.
വീട്ടുടമ ഉണര്‍ന്നപ്പോള്‍ കണ്ടത് വീടിന്റെ ഭിത്തിയില്‍ വലിയൊരു വിള്ളലും പിന്നാലെ അതിലൂടെ വെള്ളം വരുന്നതുമാണ്. 'നായയുടെ വിചിത്രമായ കുര കേട്ടാണ് ഞാൻ ഉണർന്നത്, അവൻ എനിക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുന്നതുപോലെ തോന്നി, ഞാൻ അവന്റെ അടുത്തെത്തിയപ്പോൾ, ഭിത്തിയിൽ ഒരു വലിയ വിള്ളലും അതിലൂടെ വെള്ളവും ഒഴുകുന്നത് കണ്ടു.' എന്നായിരുന്നു വീട്ടുടമ പറഞ്ഞത്. പിന്നീട് അദ്ദേഹം നായയെയും കൊണ്ട് രണ്ടാംനിലയില്‍ നിന്ന് താഴെ ഇറങ്ങുകയും കാര്യം സമീപവാസികളെ അറിയിക്കുകയും ചെയ്തു.
നാട്ടുകാരു സമീപവാസികളും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം പ്രാപിച്ചു. വൈകാതെ ഗ്രാമത്തില്‍ മണ്ണിടിയുകയും നാലോ അഞ്ചോ വീടുകള്‍ ഒഴിച്ച് മറ്റെല്ലാ വീടുകളും മണ്ണിനടിയിലാവുകയും ചെയ്തു. ദുരന്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
നായയുടെയും ഉടമയുടേയും അവസരോചിതമായ ഇടപെടലിലാണ് ഒരു നാട് രക്ഷപ്പെട്ടത്. ദുരിതബാധിതരായ കുടുംബങ്ങൾ സമീപത്തെ ത്രിയാമ്പല ഗ്രാമത്തിലെ നൈനാ ദേവി ക്ഷേത്രത്തിലാണ് അഭയം തേടിയിരിക്കുന്നത്. ഓരോ കുടുംബത്തിനും സർക്കാർ 10,000 രൂപ അടിയന്തര സഹായമായി നൽകി.