(Representational image/Gemini AI generated)

ആദ്യം അയാള്‍ അവളുടെ ജീവന്‍ രക്ഷിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ പുരുഷനെ തന്നെ അവള്‍ തന്‍റെ ജീവിതത്തിലേക്കും തിരഞ്ഞെടുത്തു. ചൈനീസ് യുവതിയായ ലിയു സിമേയുടെ പ്രണയകഥ തികച്ചും വ്യത്യസ്തവും കൗതുകം നിറഞ്ഞതുമാണ്. കുട്ടിക്കാലത്ത് തന്നെ ഭൂകമ്പത്തില്‍ നിന്ന് ജീവത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സൈനികനെ വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ പ്രണയിച്ച് വിവാഹം ചെയ്തു. ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷയിൽ 37 ദമ്പതികൾ വിവാഹിതരായ സമൂഹവിവാഹ ചടങ്ങിലാണ് ഇരുവരുടെയും പ്രണയകഥസാഷാത്കാരം നടന്നത്.

വധു ലിയു സിമേയയുടെയും ഭർത്താവ് ലിയാങ് സിബിന്‍റെയും ബന്ധത്തിന് 15 വർഷത്തിലേറെ പഴക്കമുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2008ലെ വിനാശകരമായ വെഞ്ചുവാൻ ഭൂകമ്പത്തിൽ ജീവന്‍രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ട സൈനികരില്‍ ഒരാളായിരുന്നു 22കാരനായ ലിയാങ്. ദൗത്യം പുരോഗമിക്കുന്നതിനിടയിലാണ് തകര്‍ന്ന ഒരു കെട്ടിടത്തിന്‍റെ രണ്ടാംനിലയിലെ സ്റ്റീല്‍ കമ്പികള്‍ക്കും അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ നിന്ന് അയാള്‍ 10 വയസുകാരിയായ ലിയുവിനെ കണ്ടെടുക്കുന്നത്. നാലുമണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ലിയാങും സംഘവും അവളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ദിവസങ്ങള്‍ക്കുശേഷം സുഖം പ്രാപിച്ച ലിയു പിന്നീട് കുടുംബത്തോടൊപ്പം ഹുനാനിലെ സുഷൗവിലേക്ക് മടങ്ങി. 

ക്രമേണ തന്‍റെ രക്ഷകനെക്കുറിച്ചുള്ള അവളുടെ ഓര്‍മകള്‍ മങ്ങിത്തുടങ്ങി. ഒടുവില്‍ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ അവ്യക്തമായ ഒരു ചിത്രം മാത്രമായി അവശേഷിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കൂട്ടിമുട്ടാനും ജീവിതത്തില്‍ ഒന്നാകാനുമായിരുന്നു കാലം അവര്‍ക്കുവേണ്ടി കാത്തുവെച്ച നിയോഗം. 2020-ൽ, 22 വയസ്സുള്ള ലിയു, ചാങ്ഷയിലെ ഒരു റെസ്റ്ററന്‍റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ അവളുടെ അമ്മ ലിയാങ്ങിനെ തിരിച്ചറിഞ്ഞതാണ് ഇരുവരുടെയും ജീവിതകഥയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത്. ലിയു പിന്നീട് ലിയാങ്ങുമായി സോഷ്യമീഡിയയില്‍ സൗഹൃദം സ്ഥാപിക്കുകയും ഇരുവരും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യുകയായിരുന്നു. വൈകാതെ ലിയു അവനോട് തന്‍റെ പ്രണയം തുറന്നുപറഞ്ഞു. അവളുടെ പ്രണയം കേവലം നന്ദികൊണ്ട് മാത്രമുള്ളതല്ലെന്നും ആഴത്തിലുള്ളതാണെന്നും തിരിച്ചറിഞ്ഞ ലിയാങ്ങിന് ആ പ്രണയം സ്വീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ ജീവിതത്തിലെ പ്രകാശകിരണം എന്നാണ് അവന്‍ ലിയുവിനെ വിശേഷിപ്പിച്ചത്. ഇരുവരുടെയും പ്രണയകഥ വളരെ പെട്ടെന്ന് തന്നെ സൈബറിടത്തും ചര്‍ച്ചയായി.

ENGLISH SUMMARY:

Earthquake survivor marries rescuer. This is the heartwarming tale of Liu Simian, who married the soldier who saved her life during the devastating Wenchuan earthquake, showcasing a unique and inspiring love story