മമ്മൂട്ടിയും സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. റഫീഖും തമ്മിലുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ, ഇരുവരുടെയും ചിത്രം പങ്കുവെച്ച് നടൻ വിനായകൻ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് യാതൊരു അടിക്കുറിപ്പും നൽകാതെ വിനായകൻ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ആദ്യം റഫീഖിന്‍റെ ചിത്രമാണ് പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്‍റുമായെത്തിയത്. ധാരാളം പേര്‍ റഫീഖിനെ പിന്തുണച്ചും കമന്‍റുകളുമായെത്തി. ‘ഒടുവില്‍ നിലപാട് അറിയിച്ചല്ലോ..സഹപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞല്ലോ’ എന്നുള്ള കമന്‍റുകള്‍ക്ക് പിന്നാലെ മമ്മൂട്ടിയുടെ ചിത്രവും വിനായകന്‍ പങ്കുവച്ചു.
വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി റഫീഖിനോട് സംസാരിച്ച രീതിയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഇടത് അനുകൂലികളിൽ നിന്ന് വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ വിഷയത്തിൽ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ വിനായകൻ ചിത്രം പങ്കുവെച്ചത് വലിയ രീതിയിലുള്ള സൈബർ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നേരത്തെ മമ്മൂട്ടിയും വിനായകനും ഒന്നിച്ചഭിനയിച്ച 'കളങ്കാവൽ' എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു.
അതേസമയം, മിഥുൻ മാനുവൽ തോമസ് - ജയസൂര്യ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം "ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്" ലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. 'സുൽത്താൻ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൽ സുൽത്താൻ ഗെറ്റപ്പിലാണ് വിനായകൻ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ താരം വേദികയുടെ മനോഹരമായ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത.ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഈ ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.