ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് മറുപടിയുമായി നെതന്യാഹു രംഗത്തെത്തി. ഒരു കഫേയില്‍ ഇരുന്ന് കാപ്പി കുടിക്കുന്ന വിഡിയോ പങ്കുവച്ചാണ് തന്നെ പറ്റിയുള്ള വ്യാജവാര്‍ത്തകള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. ബെന്യമിൻ നെതന്യാഹു തന്റെ എക്സ് അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം നെതന്യാഹുവിന്റേതായി പുറത്തുവന്ന ഒരു വിഡിയോയിൽ അദ്ദേഹത്തിന്റെ കൈകളിൽ ആറ് വിരലുകൾ കാണപ്പെട്ടുവെന്നും, അതിനാൽ അത് എഐ നിർമ്മിത വിഡിയോ ആണെന്നുമായിരുന്നു പ്രധാന പ്രചാരണം. നെതന്യാഹു കൊല്ലപ്പെട്ടുവെന്നും പുറത്തുവന്നത് വ്യാജ ദൃശ്യങ്ങളാണെന്നും പലരും വാദിച്ചു.

എന്നാൽ പുതിയ വിഡിയോയിൽ തന്റെ രണ്ട് കൈപ്പത്തികളും ക്യാമറയ്ക്ക് അഭിമുഖമായി ഉയർത്തിപ്പിടിച്ച് തനിക്ക് അഞ്ച് വിരലുകൾ മാത്രമേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. 'നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? ദാ ഇവിടെ കാണാം' എന്ന് പരിഹസിച്ച നെതന്യാഹു, 'അവർ പറയുന്നത് ഞാൻ എന്തായെന്നാണ്?' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്.

ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായ സാഹചര്യത്തിലാണ് വ്യാജവാർത്തകളുടെ പ്രവാഹമുണ്ടായത്. ഫെബ്രുവരി 28-ന് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ പ്രത്യാക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടു എന്നായിരുന്നു പ്രചാരണം. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അപ്പോൾ തന്നെ ഈ വാർത്തകൾ നിഷേധിച്ചിരുന്നു. യുദ്ധസമയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എഐ സാങ്കേതികവിദ്യ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് ഇസ്രയേൽ അധികൃതർ ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Israeli PM Benjamin Netanyahu debunked rumors of his death and AI-generated video claims by sharing a new video from a cafe. Addressing the 'six fingers' controversy, he displayed his hands to prove the previous claims were fake news.