Image:X,@ndtv

  • ‘ജീവനോടെ കുഴിച്ചുമൂടല്‍’ അഭ്യാസത്തിനിടെ 27കാരന് ദാരുണാന്ത്യം. സംഘാടകര്‍ക്കെതിരെ കാണികളുടെ രോഷം

ആറു ദിവസവും ദീപക് എന്ന സൈക്കിള്‍ അഭ്യാസിയുടെ പ്രകടനം കണ്ടു രസിച്ച നാട്ടുകാര്‍ക്ക് മുന്നില്‍ ഏഴാംദിനം ദാരുണാന്ത്യം. ഹരിയാനയിലെ നൂഹിലാണ് സംഭവം. സഞ്ചരിക്കുന്ന സൈക്കിള്‍ സര്‍ക്കസിനിടെയാണ് ഫരീദാബാദ് ഗൗഞ്ചി സ്വദേശി 27കാരനായ ദീപക്കിന് ദാരുണാന്ത്യം സംഭവിച്ചത്. സംഘാടകര്‍ ആവശ്യപ്പെട്ട തുക പിരിച്ചുകിട്ടാന്‍ വൈകിയതാണ് യുവാവിന്റെ മരണത്തിനു കാരണമെന്ന് കാണികള്‍ പറയുന്നു. 

ഖോറി കലാന്‍ ഗ്രാമത്തിലായിരുന്നു ഒരാഴ്ചയായി സൈക്കിള്‍ അഭ്യാസം നടന്നുവന്നത്. ഈ ദിവസങ്ങളിലെ പ്രധാന ആകര്‍ഷണമായിരുന്നു ദീപക്. ഹാന്‍ഡ് ബാറില്‍ ബാലന്‍സ് ചെയ്തും മുന്‍പോട്ട് നോക്കാതെ സൈക്കിളോടിച്ചും ദീപക് കാണികളെ കയ്യിലെടുത്തു. എന്നാല്‍ സര്‍ക്കസ് ഷോയുടെ ഏഴാംദിനം നടത്തിയ ‘ജീവനോടെ കുഴിച്ചുമൂടല്‍’ എന്ന അഭ്യാസത്തിനിടെ ദീപക്കിന് സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെടുകയായിരുന്നു.

ദീപകിനെ ഒരു ചാക്കിലാക്കി പ്രത്യേകം തയാറാക്കിയ ഒരു കുഴിയിലേക്ക് താഴ്ത്തുകയായിരുന്നു. 24 മണിക്കൂറിനു ശേഷം ഇയാളെ ജീവനൊടെ പുറത്തെടുക്കുമെന്നതാണ് സംഘാടകര്‍ കാണികളോടായി പറഞ്ഞത്. ഈ സമയത്തിനിടെ അവര്‍ ലക്ഷ്യംവച്ച പണം കാണികളില്‍ നിന്നും പിരിച്ചെടുക്കും. എന്നാല്‍ വാഗ്ദാനം ചെയ്ത 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ദീപക്കിനെ പുറത്തെടുത്തില്ലെന്നു മാത്രമല്ല, 36മണിക്കൂര്‍ കഴിഞ്ഞാണ് ദീപക്കിനെ സംഘാടകര്‍ പുറത്തെടുക്കാന്‍ തയാറായത്.

7100 രൂപ പിരിച്ചുകിട്ടും വരെ ഇയാളെ ആ മണ്‍കുഴിയില്‍ നിര്‍ത്തുമെന്ന് സംഘാടകര്‍ ശാഠ്യം പിടിച്ചതായി ദൃക്സാക്ഷിയായ സഞ്ചിത് സിങ് പറയുന്നു. കാണികളില്‍ നിന്നും ഈ പണം പിരിച്ചുകിട്ടാന്‍ വൈകിയതാണ് സംഘാടകര്‍ ഈ ക്രൂരതയ്ക്ക് കാരണമായി പറയുന്നത്. ഒടുവിൽ കുഴി തുറന്ന് ദീപകിനെ പുറത്തെടുത്തപ്പോഴേക്കും ജീവനറ്റ നിലയിലായിരുന്നു. ദീർഘനേരം വായു സഞ്ചാരമില്ലാതെ മണ്ണിനടിയിൽ കഴിഞ്ഞതിനാൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ദീപക്കിന്റെ മരണം പ്രദേശത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിനാണ് കാരണമായത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നുമില്ലാതെ നടത്തിയ ഈ അഭ്യാസങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ പണപ്പിരിവിനായി നിലകൊണ്ട സംഘാടകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. 

സംഭവത്തില്‍ ഐപിസി 174ാം വകുപ്പുപ്രകാരം അസ്വാഭാവിക മരണത്തിന് േകസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് വക്താവ് കൃഷന്‍ കുമാര്‍ അറിയിച്ചു. ദീപക്കിന്റെ മരണത്തിനു ഉത്തരവാദികള്‍ ആരെല്ലാമെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

Greed Triggers Tragedy: Stuntman Kept Buried Alive for 36 Hours Dies in Haryana:

A 27-year-old cycle stunt performer named Deepak tragically lost his life during a "buried alive" stunt in Khori Kalan village in Haryana’s Nuh district. Although organizers promised to extract him after 24 hours, they intentionally kept him buried for 36 hours while waiting to collect a target donation of ₹7,100 from spectators. Upon unearthing him, Deepak was found dead, with preliminary findings pointing to asphyxiation caused by prolonged lack of air. Local police registered an unnatural death case under IPC Section 174 and launched an investigation following widespread public outrage over the organizers' extreme negligence.