കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടാനുള്ള കാരണങ്ങള്‍ പരസ്യമായി സമ്മതിച്ച് മുന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മലപ്പുറം കാളികാവില്‍ നടന്ന പരിപാടിയിലാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും വെള്ളാപ്പള്ളി നടേശന്‍റെ ആക്ഷേപത്തില്‍ പ്രതിരോധത്തിന്‍റെ ശക്തി കുറഞ്ഞുപോയെന്നും തെറ്റു തിരുത്തി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും ഷംസീര്‍ പറഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഷംസീറിന്‍റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: 'ഞങ്ങളുടെ സ്ഥാനാര്‍ഥി നിര്‍ണയം പയ്യന്നൂരിലും തളിപ്പറമ്പിലും പാളി. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ ശക്തമായി ആക്ഷേപിച്ചപ്പോള്‍ അതിനെ ഞങ്ങള്‍ ശക്തമായി പ്രതിരോധിച്ചു, പക്ഷേ പ്രതിരോധ പ്രസ്താവനയില്‍ ശക്തമായ ഒരൂക്കുണ്ടായില്ലെന്ന് ഞങ്ങള്‍ സ്വയം വിമര്‍ശനം നടത്തി. പിന്നെ അയ്യപ്പ സംഗമം, അയ്യപ്പ സംഗമം അത് ഞങ്ങളുടേതല്ല. അത് സര്‍ക്കാര്‍ നടത്തിയതാണ്. അയ്യപ്പസംഗമത്തില്‍ ഒരു കാരണവശാലും യോഗി ആദിത്യനാഥിന്‍റെ സന്ദേശം വായിക്കാന്‍ പാടില്ലായിരുന്നുവെന്നും ഞങ്ങള്‍ വിമര്‍ശനം നടത്തി. ഇങ്ങനെ നടത്താന്‍ കുഞ്ഞാലിയുടെ പാര്‍ട്ടിക്കല്ലാതെ പിന്നെയാര്‍ക്കാണ് സാധിക്കുക?
പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തി, ഞങ്ങള്‍ ജനങ്ങളോട് സ്വയം വിമര്‍ശനം നടത്തി. ഞങ്ങള്‍ പറയുന്നു...ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. രാഷ്ട്രീയത്തില്‍ ജനമാണ് യജമാനന്‍മാര്‍. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍. ജനങ്ങള്‍ പറയുന്നു, സഖാക്കളേ നിങ്ങള്‍ക്ക് തെറ്റുപറ്റി...ആ തെറ്റ് ഞങ്ങള്‍ ഉള്‍ക്കൊള്ളും, തിരുത്തും. പോരായ്മ സംഭവിച്ചിട്ടുണ്ട്. ആ പോരായ്മ തിരുത്തി വര്‍ധിത വീര്യത്തോടെ ഞങ്ങള്‍ തിരിച്ചുവരും'.
'ഈ പറഞ്ഞത് തന്നെയല്ലേ ജനങ്ങളും പറഞ്ഞതെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും സിപിഎമ്മിന്‍റെ സൈബര്‍ സഖാക്കള്‍ കൊത്തിക്കീറിയതും വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പഴിച്ചതും മറന്നുപോയോ' എന്നും വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. '10 വര്‍ഷം വൈകിയോടുന്ന വണ്ടിയാണ് സിപിഎമ്മെ'ന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.