ഇടത് എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ജന്തർ മന്തറിലെ വിദ്യാർഥി സമരങ്ങൾ ഹൈജാക്ക് ചെയ്യാതെ വല്ല പണിയുമെടുത്ത് കുടുംബം പോറ്റാനാണ്   വിനായകന്‍റെ നിര്‍ദേശം. രാജ്യസഭാംഗം കൂടിയായ ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ളവർ വിദ്യാർഥി സമരങ്ങളിൽ കക്ഷിരാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നാണ് വിനായകന്‍റെ ആരോപണം.

"യുവതീ-യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ" എന്നാണ് ജോൺ ബ്രിട്ടാസിന്റെ ചിത്രം വച്ചുള്ള പോസ്റ്ററിലെ പരാമർശം.

ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ നിറയുകയാണ്. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് ഹാൻഡിലുകളിൽ നിന്നുള്ള പ്രതികരണങ്ങളും പോസ്റ്റിന് താഴെ നിറഞ്ഞു. ജന്തർ മന്തറിലെ സിജെപി സമരവേദികളിലുൾപ്പെടെ സാന്നിധ്യമായിരുന്നു ജോൺ ബ്രിട്ടാസ് എം.പി.

ജോൺ ബ്രിട്ടാസും എ.എ. റഹീമും അടക്കം കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. സമരത്തിൽ സജീവമായിരുന്ന എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് സി.പി.എം. ഓഫീസിലെത്തിയതും വിവാദമായിരുന്നു. യൂണിഫോം ധരിക്കാതെയാണ് പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിനെത്തിയത്. ഇവരുമായി ജോൺ ബ്രിട്ടാസ് സംസാരിക്കുകയും അവരെ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. വിഷയം ബ്രിട്ടാസ് ഇന്ന് രാജ്യസഭയിലും അവതരിപ്പിച്ചു.

സിജെപി സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അധിക്ഷേപിച്ച ടി.ജി. മോഹൻദാസിനെതിരെയും കഴിഞ്ഞ ദിവസം വിനായകൻ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

 

ENGLISH SUMMARY:

Actor Vinayakan has issued a strong criticism against MP John Brittas, suggesting that Brittas should focus on his work to support his family rather than hijacking student protests at Jantar Mantar. Vinayakan alleges that MPs like John Brittas are engaging in political exploitation of student movements.