സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. അറസ്റ്റിനുള്ള കാരണം പൊലീസ് അറിയിച്ചില്ലെന്നും മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പ്രതികളുടെ തിരിച്ചറിയലിനും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതികള്‍ പറയുന്നു. കൊലപാതശ്രമക്കുറ്റം നിലനില്‍ക്കില്ലെന്നും കേസിന്‍റെ ഗൗരവം വര്‍ധിപ്പിക്കാനാണ് ഇത് ഉള്‍പ്പെടുത്തിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
അന്വേഷണത്തിന്‍റെ പ്രധാനഘട്ടങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതികളുടെ കസ്റ്റഡി ഇനി ആവശ്യമില്ല. നേരത്തേ ചുമത്തിയ കുറ്റങ്ങള്‍ രാഷ്ട്രീയ സമരങ്ങളുടെ പേരിലാണെന്നും പ്രതികള്‍ പറയുന്നു. ഹര്‍ജികളില്‍ പൊലീസ് നാളെ നിലപാട് അറിയിക്കും.
മേയ് 27 ന് നടന്ന അക്രമസംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് വിജയ് വിമലിന് മാത്രമാണ് റിമാന്‍ഡിലായി 22 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത്. വിജയ് സംഘര്‍ഷ മേഖലയില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് വിജയ്ക്കെതിരെ കേസെടുത്തിരുന്നത്.