ഹിമാചൽ പ്രദേശില്‍ വിവാഹാഘോഷത്തിനിടെ വീടിന്റെ മേൽക്കൂര തകർന്ന് വന്‍അപകടം. 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മേല്‍ക്കൂര തകര്‍ന്ന് അതിന് മുകളിലുണ്ടായിരുന്ന അതിഥികള്‍ ഒന്നടങ്കം താഴേക്ക് പതിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയിലും പതിഞ്ഞു. അപകട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതിഥികൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ തടിച്ചുകൂടിയതിന്‍റെയും കെട്ടിടം തകർന്നു വീഴുന്നതിന്റെയും നിമിഷങ്ങൾ ഇതിൽ കാണാം.
ഹിമാചലിലെ ചമ്പ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. വിവാഹാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ചടങ്ങുകളുടെ ഭാഗമായ നൃത്തങ്ങള്‍ നടക്കുകയായിരുന്നു. ഇതുകാണാനായാണ് ആളുകള്‍ തടിച്ചുകൂടിയത്. പെട്ടെന്ന് മേല്‍ക്കൂര തകര്‍ന്ന് എല്ലാവരും താഴേക്ക് പതിച്ചു. പിന്നാലെ മറ്റുള്ളവര്‍ പരിഭ്രാന്തരാകുന്നതും രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്നതും കാണാം.
20 സ്ത്രീകളും രണ്ട് പുരുഷന്മാരും ആറ് കുട്ടികളും ഉൾപ്പെടെ 40 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഓടിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടവകരെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മേൽക്കൂരയിൽ അമിതമായി ആളുകൾ ഉണ്ടായിരുന്നതായാണ് അധികൃതര്‍ പറയുന്നത്. അതേസമയം, തകർച്ചയുടെ കാരണമെന്താണെന്ന് സ്ഥിരീകരിക്കാന്‍ കെട്ടിടത്തിന്‍റെ ഘടന പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.