കുംഭമേള വൈറൽ ഗേൾ മൊണാലിസയ്ക്ക് കേരളത്തില്‍ മാംഗല്യം. തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍വച്ച് മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാന്‍ മൊണാലിസയ്ക്ക് മിന്നുചാര്‍ത്തി. സിനിമാ ചിത്രീകരണത്തിനായി തിരുവനന്തപുരത്തായിരുന്നു മൊണാലിസയ്ക്ക് ഉണ്ടായിരുന്നത്. കുടുംബം മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസില്‍ അഭയം തേടിയത്.

വിവാഹത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം അടക്കമുള്ള നേതാക്കളാണ് ആശംസകളുമായി വിവാഹം നടക്കുന്ന അരുമാനൂർ ശ്രീ നൈനാർ ക്ഷേത്രത്തിൽ എത്തിയത്. കുംഭമേളയിൽ വൈറലായ പെൺകുട്ടി കുംഭമാസത്തിൽ കല്യാണം കഴിക്കുന്നുവെന്നതും പ്രത്യേകതയാണ്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്‌ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും ഇന്ന് രാവിലെയാണ് തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അച്ഛനിൽ നിന്ന് രക്ഷിക്കണമെന്നാണ് മോണാലിസയുടെ പരാതി. തന്റെ പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു മോണാലിസയുടെ ആവശ്യം. അന്യമതത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്യാൻ കുടുംബം അനുവദിക്കുന്നില്ലെന്നും മോണാലിസ അറിയിച്ചിരുന്നു.

‘വിവാഹം നടക്കുന്നത് സ്വർഗത്തിൽ അല്ലെ ആ സ്വർഗ്ഗമാണ് കേരളം, ഇതാണ് കേരളം, ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്നതാണ് ആരെയും കല്യാണം കഴിക്കാമെന്ന്, അത് കേരളത്തിൽ മാത്രമാണ് നടക്കൂ, സിപിഎം അഭിനന്ദിക്കാനാണ് എത്തിയത്’ എ.എ റഹീം പറഞ്ഞു. ഇതാണ് കേരള സ്റ്റോറിയെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

ENGLISH SUMMARY:

Monalisa and Farnan's wedding, which gained attention after they sought refuge in Kerala following the Kumbh Mela, is being prominently supported by the CPM. Top CPM leaders attended their wedding at the Arumanoor Sree Mainar temple, extending their wishes and highlighting Kerala's inclusive environment for interfaith marriages.