കൊച്ചി നഗരസഭയുടെയും സംസ്ഥാന ശിശു വികസന വകുപ്പിന്റെയും കീഴിൽ ചമ്പക്കരയിൽ പ്രവർത്തിക്കുന്ന ഗവ. മഹിളാ മന്ദിരത്തിലെ അന്തേവാസിയായ പ്രിയാ മോൾ രവി വിവാഹിതയായി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി  രഞ്ജിത്താണ് വരൻ.  ചമ്പക്കര ശ്രീവൈഷ്ണവ ഗന്ധർവ്വസ്വാമി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിലും ചമ്പക്കര സെന്റ് ജെയിംസ് മഹാ ജൂബിലി ഹാളിൽ നടത്തിയ വിവാഹ സൽക്കാരങ്ങളിലും കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ, എം.എൽ.എമാരായ ഉമ തോമസ്, ടി.ജെ വിനോദ്,  ദീപക് ജോയ്, എറണാകുളം ജില്ല കളക്ടർ പ്രിയങ്ക, കൊച്ചിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ആന്റണി പൈനുതറ, ടി കെ. അഷ്‌റഫ്‌, സീന ടീച്ചർ, അഡ്വ. നസീമ, ജെസ്മി ജെറാൾഡ്, ഡിവിഷൻ കൗൺസിലർ വിപി ചന്ദ്രൻ, കൊച്ചി നഗരസഭ സെക്രട്ടറി  പി.എസ്. ഷിബു തുടങ്ങിയവർ പങ്കെടുത്തു. 

ചുങ്കത്ത് ജ്വല്ലറിയും റോട്ടറി ക്ലബ്ബും വി ഗാർഡുമാണ്  ചടങ്ങിന് ആവശ്യമായ ധന സഹായം നൽകിയത്. ആൾ കേരള ഫോട്ടോ ഗ്രാഫിക് അസോസിയേഷൻ സൗജന്യമായാണ് ചടങ്ങിന്റെ ഫോട്ടോയും വിഡിയോയും എടുത്തുനല്‍കിയത്. നവവധുവിനു  സൗജന്യമായി  മേക്കപ്പ് ചെയ്തത് വൈറ്റില വികെഎസ് ബ്യൂട്ടി പാർലറാണ്. 

പ്രിയാ മോൾ രവിയെ  ജീവിത സഖിയായി ഒപ്പം കൂട്ടുവാൻ തീരുമാനിച്ച  രഞ്ജിത്തിനെയും മകന്റെ തീരുമാനത്തിന് ഒപ്പം നിന്ന രഞ്ജിത്തിന്റെ മാതാവ് രുഗ്മിണിയെയും എംഎൽഎമാരുംകൊച്ചിമേയറും കളക്ടറും ചേര്‍ന്ന് അഭിനന്ദിച്ചു. വിവാഹ ചടങ്ങുകൾക്ക് ശേഷം  കൊച്ചി മേയറും  നഗരസഭ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ആന്റണി പൈനുതറയും ഡിവിഷൻ കൗൺസിലർ  വിപി ചന്ദ്രനും  മഹിളാ മന്ദിരത്തിലെ അന്തേവാസികളും  വനിത ശിശു വികസന വകുപ്പും ചേർന്നാണ്  വരന്റെ വസതിയിലേക്ക് പ്രിയയെ യാത്രയാക്കിയത്. 

ENGLISH SUMMARY: