Image: x.com/Akshita_N
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നടുങ്ങി നില്‍ക്കുകയാണ് രാജ്യം. മധുവിധു ഓര്‍മകളില്‍ കശ്മീരിന്‍റെ സൗന്ദര്യം ചേര്‍ത്തുവയ്ക്കാനെത്തിയതായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശികളായ ശുഭം ദ്വിവേദിയും ഭാര്യയും. രണ്ടുമാസം മുന്‍പ്, ഫെബ്രുവരി 12നാണ് ശുഭം വിവാഹിതനായത്. പഹല്‍ഗാമിലേക്ക് പോയ ശുഭം ഭീകരരാല്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് കുടുംബം. പാര്‍ക്കിലിരുന്ന ശുഭത്തോട് ഭീകരര്‍ പേര് ചോദിച്ചുവെന്നും പിന്നാലെ നെറ്റിയില്‍ വെടിയുതിര്‍ത്തുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് ശുഭത്തിന്‍റെ ബന്ധു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം യുപിയില്‍ എത്തിക്കുമെന്നാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ച വിവരം.
ശുഭത്തിന് പുറമെ വിവാഹം കഴിഞ്ഞ് കഷ്ടിച്ച് ഒരാഴ്ച മാത്രമായതിന് പിന്നാലെ കശ്മീര്‍ കാണാനെത്തിയ നേവി ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്‍റ് വിനയ് നര്‍വാളും കൊല്ലപ്പെട്ടവരിലുണ്ട്. ഓഡിഷയില്‍ നിന്നുള്ള അക്കൗണ്ട്സ് ഓഫിസര്‍ പ്രശാന്ത് സത്പതി, സൂററ്റുകാരനായ ശൈലേഷ് കഡാതിയ, മഹാരാഷ്ട്രക്കാരനായ ദിലീപ് ദെസാലെ എന്നിവരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചപ്പോഴാണ് പ്രശാന്ത് മരിച്ച വിവരം അറിഞ്ഞതെന്നും പ്രശാന്തിന്‍റെ ഭാര്യയെയും അനന്തരവനെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും മൂത്തസഹോദരന്‍ പറയുന്നു.
അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തില്‍ വിറച്ചിരിക്കുകയാണ് നാട്ടുകാരും. പഹല്‍ഗാമിലെ ടാക്സി ഡ്രൈവര്‍മാര്‍ മെഴുകുതിരികള്‍ തെളിച്ച് സമാധാന യാത്ര നടത്തി. ജമ്മുകശ്മീരിലെ പലയിടങ്ങളിലും സമാധാനപരമായ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങി.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തങ്ങളുടെ തന്നെ കുടുംബാംഗങ്ങളാണെന്നും ആക്രമണത്തിന് പുറകില്‍ ആരാണെങ്കിലും കടുത്ത നടപടി വേണമെന്നും പഹല്‍ഗാമിലെ നാട്ടുകാര്‍ ആവശ്യപ്പെട്ടു. 27 പേര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്കകം 'ദ് റെസിസ്റ്റന്‍സ് ഫ്രണ്ട്' ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. ലഷ്കര്‍ അനുഭാവ സംഘടനയാണ് ദ് റെസിസ്റ്റന്‍സ് ഫ്രണ്ട്.
Google Trending Topic: Pahalgam