ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വൻ ഭീകരവേട്ട. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. മുതിർന്ന ജയ്ഷെ കമാൻഡർ സെയ്ഫുള്ളയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കിഷ്ത്വാറിലെ ഛാത്രൂ മേഖലയിലായിരുന്നു മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ നടന്നത്. കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തിന്റെ തിരച്ചിൽ.
ദുർഘടമായ പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരും സൈന്യവും തമ്മിൽ രാവിലെ 11 മണിയോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ജമ്മു മേഖലയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സെയ്ഫുള്ള ഉൾപ്പെടെയുള്ള മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. പാക് പൗരനായ സെയ്ഫുള്ള ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഇവരില്നിന്ന് രണ്ട് എ.കെ. 47 തോക്കുകൾ ഉൾപ്പെടെ വൻ ആയുധശേഖരവും പിടിച്ചെടുത്തു.
ദൗത്യത്തിനിടെ പാരാ കമാൻഡോകളുടെ കെ9 (K9) സ്ക്വാഡിലെ ടൈസൺ എന്ന നായയ്ക്ക് വെടിയേറ്റ് പരിക്കേറ്റു. ടൈസന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ഏതാനും നാളുകളായി ഈ പ്രദേശത്ത് ഭീകരസാന്നിധ്യമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.