വിനോദ സഞ്ചാരികള്‍ ഗോവയെ കൈവിടാന്‍ കാരണം 'ഇഡ്ഡലിയും സാമ്പാറു'മെന്ന് ബിജെപി എംഎല്‍എ മൈക്കല്‍ ലോബോ. വിദേശികള്‍ കൂട്ടത്തോടെ എത്തിയിരുന്ന കടല്‍ത്തീരത്തെ ഷാക്കുകളില്‍ ഇഡ്ഡലിയും സാമ്പാറും വിളമ്പാന്‍ തുടങ്ങിയതാണ് അബദ്ധമായതെന്ന വിവാദ പരാമര്‍ശം വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എ നടത്തിയത്. 'ബെംഗളൂരുവില്‍ നിന്നെത്തിയ വ്യാപാരികള്‍ വട പാവും, ഇഡ്ഡലിയും സാമ്പാറുമെല്ലാമാണ് ഷാക്കുകളില്‍ വിളമ്പുന്നത്. പിന്നെയെങ്ങനെ ആളുകളെത്തും? രണ്ട് വര്‍ഷമായി ഗോവയിലേക്കെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും മൈക്കല്‍ ലോബോ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ തീരമേഖലകളിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നതില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. അതിന് പ്രധാന കാരണക്കാര്‍ ഷാക്ക് നടത്തിപ്പുകാരാണെന്നും ലോബോ കൂട്ടിച്ചേര്‍ത്തു. യുദ്ധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നും യുക്രെയിനില്‍ നിന്നും വിനോദസഞ്ചാരികളെത്തുന്നതിലും കുറവ് വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം അടിയന്തരമായി പഠിക്കാനും പരിഹാരം കണ്ടെത്താനും സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ദക്ഷിണേന്ത്യന്‍ ഭക്ഷണം എങ്ങനെയാണ് വിനോദസഞ്ചാരികളെ തടയുന്നതെന്ന് ലോബോ വിശദീകരിക്കാനും കൂട്ടാക്കിയില്ല. തികഞ്ഞ പ്രാദേശികവാദവും, ദക്ഷിണേന്ത്യന്‍ വിരോധവുമാണ് എംഎല്‍എയുടെ വാക്കുകളില്‍ തെളിയുന്നതെന്ന് വന്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.