goa-night-club-fire

TOPICS COVERED

ഗോവയില്‍ ബാഗ ബീച്ചിലെ നിശാ ക്ലബില്‍ വന്‍ തീപിടിത്തം. മൂന്ന് സ്ത്രീകളടക്കം 23 പേര്‍ മരിച്ചു. വടക്കൻ ഗോവയിലെ അർപ്പോറയിലെ ക്ലബ്ബില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ക്ലബ്ബിലെ അടുക്കളയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. മരിച്ചവരിൽ ഭൂരിഭാഗവും തൊഴിലാളികളാണ്. വിനോദസഞ്ചാരികളും കൊല്ലപ്പെട്ടതായാണ് വിവരം. അഗ്നിരക്ഷാ സേനയും പൊലീസും ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ആരംഭിക്കുകയും ചെയ്തു. 23 മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.

ഗോവ മുഖ്യമന്ത്രി ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. 23 പേരിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ നിശാ ക്ലബ്ബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ക്ലബ് മാനേജ്‌മെന്റിനെതിരെയും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ക്ലബ്ബുകളുടെയും അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് പ്രാദേശിക ബിജെപി എംഎൽഎ മൈക്കൽ ലോബോ പറഞ്ഞു. ആവശ്യമായ അനുമതികളില്ലാത്ത ക്ലബ്ബുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവന്‍ തലസ്ഥാനമായ പനാജിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് അര്‍പ്പോറ. കഴിഞ്ഞ വര്‍ഷമാണ് നിശാ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചത്. വിനോദസഞ്ചാര സീസണായതിനാല്‍ ഗോവയില്‍ തിരക്കേറിക്കൊണ്ടിരിക്കുകയാണ്. 

ENGLISH SUMMARY:

Goa nightclub fire resulted in the tragic death of 23 people. The incident occurred at a club in Arpora, North Goa, prompting a thorough investigation into safety compliance and accountability.