ഇറാനിലും ലബനനിലും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ആക്രമണത്തില്‍ ഇറാനില്‍ മരണം 700 കടന്നു. ബെയ്റൂട്ടില്‍ ഹിസ്ബുല്ല കമാന്‍ഡ് സെന്ററുകളും ആയുധങ്ങളും തകര്‍ത്തു. ലബനനിലെ പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. 59 മേഖലകളില്‍നിന്ന് ഒഴിഞ്ഞുപോകാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെഹ്റാനിലും പശ്ചിമ ഇറാനിലും ആഭ്യന്തര, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇറാന്‍ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് കേന്ദ്രമായ IRIBയിലും ആക്രമണം ഉണ്ടായി. അതിനിടെ ഇറാന്‍ നടപടിക്കിടെ പരുക്കേറ്റ യു.എസ് സൈനികര്‍ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി.
Also Read: സൈനികബലത്തില്‍ അമേരിക്കയ്ക്ക് സമീപത്തില്ല, പക്ഷേ ചങ്കുറപ്പില്‍ ഒപ്പത്തിനൊപ്പം; ഇറാന്‍റെ ശക്തി ഇങ്ങനെ
പശ്ചിമേഷ്യന്‍ സംഘര്‍ഷം നാലാം ദിനത്തിലും അതിരൂക്ഷമായി തുടരുകയാണ്. യു.എ.ഇയിലും സൗദിയിലും കുവൈത്തിലും ഖത്തറിലും ഉള്‍പ്പെടെ രാത്രി ഇറാന്‍ ആക്രമണം ഉണ്ടായി. റിയാദിലെ യു.എസ് എംബസിയില്‍ സ്ഫോടനത്തില്‍ തീപിടിത്തമുണ്ടായി. ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. എംബസിയില്‍ ആളുകളില്ലായിരുന്നു.റിയാദിലെ യു.എസ് എംബസി അടച്ചു.
ബഹറൈന്‍,ജോര്‍ദാന്‍ എംബസികളില്‍ നിന്ന് യുഎസ് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു.അവശ്യസേവനത്തിനുള്ളവര്‍ മാത്രം തുടരും. ഡ്രോണ്‍, മിസൈല്‍ ആക്രമണം ചെറുത്തതായി യു.എ.ഇയും ബഹ്റൈനും വ്യക്തമാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് ബഹ്റൈന്‍ അറിയിച്ചു. കുവൈത്തിലേക്കും ഡ്രോണ്‍ ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കപ്പലുകള്‍ കത്തിക്കുമെന്നാണ് ഭീഷണി. എണ്ണക്കപ്പലിനുനേരെ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാനില്‍ വീസ സേവനങ്ങള്‍ നിര്‍ത്തിവച്ചു
റിയാദിലെ യുഎസ് എംബസിക്കു നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പുറമെ റിയാദ് നഗരത്തിലും പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് സമീപം അല്‍ ഖര്‍ജിലും ഡ്രോണ്‍ ആക്രമണത്തിന് ശ്രമമുണ്ടായി. റിയാദിലും അല്‍ ഖര്‍ജിലും പ്രത്യക്ഷപ്പെട്ട എട്ട് ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവച്ച് തകര്‍ത്തു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മലികി അറിയിച്ചു. യുഎസ് എംബസിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് ഡ്രോണുകള്‍ പതിച്ച് കെട്ടിടത്തിന് ചെറിയ അഗ്‌നി ബാധയും നാശനഷ്ടവും സംഭവിച്ചതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഖത്തറിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സായുധ സേന സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇറാനില്‍നിന്ന് വന്‍ ഭീഷണിയുണ്ടായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് പാര്‍ലമെന്റിനുള്ള കത്തിലാണ് പരാമര്‍ശം. സൈനിക നടപടി ഔദ്യോഗികമായി അറിയിച്ചു. യുദ്ധം എത്രനീളുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ട്രംപ് കത്തില്‍ പറഞ്ഞു