gold-jewellery

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒറ്റയടിക്ക് കുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇറക്കം. ഇന്നു രാവിലെ പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയായി. ഗ്രാമിന്  45 രൂപ കുറഞ്ഞ് 15,585 രൂപയിലെത്തുകയും ചെയ്തു. ഇന്നലെ രാവിലെ സംസ്ഥാനത്ത് വില കുറയുകയും ഉച്ചയ്ക്കുശേഷം കൂടുകയും ചെയ്തിരുന്നു.

യുദ്ധഭീതിക്കിടയിലും ഇന്നലെ രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 300 രൂപ ഇടിഞ്ഞ് 15,565 രൂപയിലും പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയിലുമായിരുന്നു സ്വര്‍ണത്തിന്‍റെ ഇന്നലത്തെ വ്യാപാരം. രാജ്യാന്തര, ദേശീയ വിലകൾ ഉയർന്ന് നില്‍ക്കവേ പതിവിന് വിപരീതമായിട്ടായിരുന്നു കേരളത്തിൽ ഈ വിലയിടിയില്‍. എന്നാല്‍ ഉച്ചയ്ക്ക് വില തിരിച്ചുകയറി. ഗ്രാമിന് 65 രൂപ വർധിച്ച് 15,630 രൂപയിലും പവന് 520 രൂപ ഉയർന്ന് 1,25,040 രൂപയിലുമായിരുന്നു ഇന്നലെ ഉച്ചകഴിഞ്ഞ് സ്വര്‍ണവില.

ഇന്നലെ ഉച്ചയ്ക്ക് രാജ്യാന്തരവില ഔൺസിന് 5,400 ഡോളറിന് മുകളിലേക്കെത്തിയതോടെയാണ് സ്വര്‍ണത്തിന് വില കൂടിയത്. എന്നാല്‍ ഇന്ന് രാവിലെ രാജ്യാന്തരവില 5,360 ല്‍ ആണ്. ഇതോടെ വില നേരിയ തോതില്‍ കുറയുകയും ചെയ്തു.

അതേസമയം, മാര്‍ച്ച് ഒന്നിന് പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 3200 രൂപയായിരുന്നു. പവന് 1,26,920രൂപയിലും ഗ്രാമിന് 400രൂപ വർധിച്ച് 15,865രൂപയിലുമായിരുന്നു മാര്‍ച്ച് ഒന്നിന് വ്യാപാരം. സാധാരണ രീതിയില്‍ ഞായറാഴ്ചകളില്‍ കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറില്ല. എന്നാല്‍ പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ വില വര്‍ധനവ്. ഫെബ്രുവരി 28 നാകട്ടെ 5,200 രൂപയായിരുന്നു ഒറ്റയടിക്ക് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്.

ഇറാനെതിരെയുള്ള യുദ്ധം ആഴ്ചകള്‍ നീളുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം സ്വര്‍ണവിലയേയും സ്വാധീനിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ വില ഉയര്‍ന്നു തന്നെ നില്‍ക്കും. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപമെന്ന നിലയിലുള്ള വലിയ ഡിമാൻഡും 5 വർഷത്തിനകം രാജ്യാന്തര സ്വർണവിലയെ 10,000 ഡോളറിലെത്തിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അങ്ങിനെയെങ്കില്‍ കേരളത്തിൽ പവന്‍റെ വില 2 ലക്ഷം രൂപ കടക്കും. 

ENGLISH SUMMARY:

Gold prices in Kerala saw a slight decline today, March 3, 2026, with a sovereign dropping by ₹360 to reach ₹1,24,680. This follows a period of extreme volatility triggered by the escalating Middle East conflict, where prices peaked at ₹1,26,920 on March 1. Globally, gold is trading near $5,360 per ounce, influenced by US President Donald Trump's remarks on the potential duration of the Iran war. Experts predict that geopolitical tensions and safe-haven demand could push international gold prices to $10,000 per ounce within five years, potentially driving Kerala's gold rates past ₹2 lakh per sovereign. Stay updated on the latest gold rate trends, market analysis, and investment advice during this high-inflation period.