Image credit:AFP
ലണ്ടന്‍ ബ്രിജും ബക്കിങാം പാലസുമെല്ലാം കമ്പനിയുടെ ചെലവില്‍ ഫ്രീയായി കണ്ടു വന്നാലോ? സ്വപ്നമല്ല സത്യമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസാഗ്രാന്‍ഡെന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ജീവനക്കാരില്‍ ആയിരം പേരെ ഒരാഴ്ചത്തെ ഫ്രീ ലണ്ടന്‍ ട്രിപ്പിന് അയയ്ക്കുന്നത്. കമ്പനിയുടെ വാര്‍ഷിക ലാഭം ജീവനക്കാരുമായി പങ്കിടുന്നതിന്‍റെ ഭാഗമാണ് നടപടി.
ഇന്ത്യയിലും ദുബായിലുമായി ഏഴായിരത്തോളം ജീവനക്കാരാണ് കമ്പനിക്കുള്ളത്. തൊഴിലാളികളുടെ സംഭാവനകളെ ആഘോഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ആറായിരത്തോളം ജീവനക്കാരെ ഇതുപോലെ വിദേശ സന്ദര്‍ശനത്തിനായി അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സിംഗപ്പുര്‍, തായ്ലന്ഡ്, മലേഷ്യ, ദുബായ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മുന്‍പത്തെ ട്രിപ്പുകള്‍.
ലണ്ടനിലേക്കുള്ള വിനോദ യാത്രയില്‍ സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലെന്നും താമസ സൗകര്യങ്ങളടക്കം എല്ലാവര്‍ക്കും ഒരുപോലെയാണ് ഒരുക്കിയിരിക്കുന്നതെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കുന്നു. സെന്‍റ്.പോള്‍സ് കത്തീഡ്രല്‍, ലണ്ടന്‍ ബ്രിജ്, ബക്കിങാം കൊട്ടാരം എന്ന് തുടങ്ങി ലണ്ടനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം ഈ ഒരാഴ്ചയില്‍ ജീവനക്കാര്‍ക്ക് സന്ദര്‍ശിക്കാം.
എല്ലാ വര്‍ഷവും ജീവനക്കാരെ സന്തോഷിപ്പിക്കാനായി കമ്പനി പ്രത്യേകമായി ശ്രമിക്കാറുണ്ടെന്നും ജീവനക്കാരാണ് ഊര്‍ജവും സമ്പത്തുമെന്നും കമ്പനി പ്രതിനിധികള്‍ വിശദീകരിക്കുന്നു. അവരുടെ സന്തോഷവും പുഞ്ചിരിയുമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതെന്നും ലാഭം പങ്കുവയ്ക്കുമ്പോഴാണ് കൂടുതല്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകുകയെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജീവനക്കാരില്‍ പലരും ആദ്യമായാകും വിദേശത്ത് പോകുന്നതും ഇത്തരത്തില്‍ കാഴ്ചകള്‍ കാണുന്നതും. കമ്പനിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആരോഗ്യവും ബുദ്ധിയും ഊര്‍ജവും ചെലവഴിക്കുന്നവരെ അതുപോലെ പരിഗണിക്കണമെന്നാണ് നിലപാടെന്നും ഇത് ഭാവിയിലും തുടരുമെന്നും കാസാഗ്രാന്‍ഡ് പറയുന്നു.
എന്തായാലും സംഭവം കൊള്ളാമെന്നും ജീവനക്കാര്‍ ഹാപ്പിയാകുമല്ലോ എന്നുമാണ് സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍. ഇങ്ങനെ വേണം തൊഴിലാളി ക്ഷേമം ഉറപ്പാക്കാനെന്ന് കമന്‍റ് ചെയ്യുന്നവരും കുറവല്ല. എന്നാല്‍ ഇങ്ങനെ വാരിക്കോരി ചെലവഴിച്ചാല്‍ ഭാവിയില്‍ കമ്പനിയെന്ത് ചെയ്യുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.