ഒരു നൂറ്റാണ്ട് പഴക്കമുള്ള വിന്റേജ് കാറുകളിൽ ലോകം ചുറ്റി ഒടുവിൽ വയനാട്ടിൽ എത്തിയ ലണ്ടൻ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെ പരിചയപ്പെടാം. റോബർട്ടും ജോണും. തലപ്പുഴ എസ്റ്റേറ്റിൽ കാറുകളുമായി എത്തിയ ഇവർക്ക് വയനാട് സമ്മാനിക്കുന്നത് കിടിലൻ വൈബാണ്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കാറുകളുമായി ഇവർ ലോക സഞ്ചാരം തുടങ്ങിയിട്ട് വർഷങ്ങളായി. വയനാടൻ വൈബ് തേടി ഇവിടെയും എത്തി ഈ സുഹൃത്തുക്കൾ. റോബർട്ടും ജോണും. റോബർട്ടിൻ്റേത് 1926 മോഡൽ 6.5 സിലിണ്ടർ ബെന്റ്‌ലിയാണ്. ജോൺ ഓടിക്കുന്നത് 1925 മോഡൽ 6 സിലിണ്ടർ ബെന്റ്‌ലി കാർ. തലപ്പുഴ പാരിസൺസ് എസ്റ്റേറ്റിൽ എത്തിയ ഇവർക്ക് പറയാനുള്ളത് യാത്രകളുടെ വലിയ കഥകൾ.
ലണ്ടനിൽ നിന്ന് കാർഗോ വഴി മുംബൈയിലെത്തിച്ചാണ് റോബർട്ടും ജോണും ഇന്ത്യൻ പര്യടനം ആരംഭിച്ചത്. മുംബൈ സ്വദേശിയായ ഡാനിയൽ ആണ് ഇന്ത്യയിലെ ഇവരുടെ പ്രധാന ഗൈഡ്. മുംബൈയിൽ നിന്ന് ഗോവ, കുന്താപുര, ചിക്കമംഗളൂർ, കുടക് വഴി വയനാട്ടിലെത്തിയ ഇവർക്ക് വഴികാട്ടിയായി മാനന്തവാടി സ്വദേശിയായ ദർശനുമുണ്ട്. വയനാട്ടിലെ പച്ചപ്പും തണുപ്പും ഇവർക്ക് ഏറെ ഇഷ്ടപ്പെട്ടു. കോഴിക്കോടും കറങ്ങി ഇവർ തിരുവനന്തപുരത്ത് ഇന്ത്യൻ പര്യടനം അവസാനിപ്പിക്കും. ശ്രീലങ്കയിലേക്കാണ് അടുത്ത യാത്ര