hugo-birth

Image Credit : https://x.com/OUHospitals & https://x.com/ImperialNHS

മരണാനന്തര ഗര്‍ഭപാത്ര ദാനത്തിലൂടെ പിറന്ന അദ്ഭുത കുരുന്നിലെ വരവേറ്റ് യുകെ. ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസ് ബെൽ എന്ന മുപ്പതുകാരിയാണ് ദാതാവില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. ‘ഹ്യൂഗോ’ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ലണ്ടനിലെ ക്വീൻ ഷാർലറ്റ്സ് ആൻഡ് ചെൽസി ആശുപത്രിയിലാണ് ജനിച്ചുവീണത്. യുകെയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് മരണാനന്തര ഗർഭപാത്ര ദാനത്തിലൂടെ ഒരു കുഞ്ഞ് ജനിക്കുന്നത്. ഇതിന് മുന്‍പ് 2025ല്‍ ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ ആമി എന്ന കുഞ്ഞ് പിറന്നതും വലിയ വാര്‍ത്തയായിരുന്നു.

2024ലാണ് കെന്റ് സ്വദേശിയായ ഗ്രേസ് ബെല്‍ മരണപ്പെട്ട ദാതാവില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിക്കുന്നത്. ഏകദേശം 10 മണിക്കൂര്‍ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് മരണപ്പെട്ട ദാതാവില്‍ നിന്നും ഗര്‍ഭപാത്രം ഗ്രേസില്‍ വച്ചുപിടിപ്പിച്ചത്. ഓക്സ്ഫോർഡിലെ ചർച്ചിൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ഇസബെൽ ക്വിറോഗയുടെയും പ്രഫ. റിച്ചഡ് സ്മിത്തിന്റെയും നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. 

പതിനാറാമത്തെ വയസിലാണ് ഗര്‍ഭം ധരിക്കാനുളള ശേഷി തന്‍റെ ശരീരത്തിനില്ലെന്ന് ഗ്രേസ് മനസിലാക്കിയത്. ‘മുളേരിയൻ അജെനെസിസ്’ അഥവാ MRKH syndrome അവസ്ഥയാണ് ഇതിന് പിന്നില്‍. ഈ അവസ്ഥയോടുകൂടി ജനിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയങ്ങൾ ഉണ്ടാകുമെങ്കിലും പ്രവര്‍ത്തനക്ഷമമായ ഗര്‍ഭപാത്രം ഉണ്ടായിരിക്കില്ല. ബ്രിട്ടനിൽ ഓരോ 5,000 സ്ത്രീകളിൽ ഒരാൾക്ക് എന്ന കണക്കില്‍ ഈ അവസ്ഥ കാണാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  ഗര്‍ഭപാത്രമില്ലാത്തതിനാല്‍ തന്നെ സറോഗസി അഥവാ വാടക ഗര്‍ഭധാരണമായിരുന്നു ഗ്രേസിന്‍റെയും പങ്കാളിയുടെയും മുന്നിലുണ്ടായിരുന്നത്. അങ്ങനെയിരിക്കെ 2024ലാണ് ഗ്രേസിന്‍റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആ ഫോണ്‍ കോള്‍ എത്തിയത്. മരണപ്പെട്ട ഒരു ദാതാവിന്‍റെ ഗര്‍ഭപാത്രം ലഭ്യമാണെന്ന വിവരമായിരുന്നു ഒരു ഫോണ്‍ കോളിന് പിന്നില്‍. 

സാധാരണ അവയവദാനം പോലെയല്ല ഗര്‍ഭപാത്ര ദാനം. അതിന് ദാതാവിന്‍റെ കുടുംബത്തിന്‍റെ പ്രത്യേക അനുമതി അനിവാര്യമാണ്.  ഗ്രേസിന് തന്‍റെ മകളുടെ ഗര്‍ഭപാത്രം നല്‍കാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്നായിരുന്നു ദാതാവിന്‍റെ കുടുംബത്തിന്‍റെ പ്രതികരണം. ഗര്‍ഭപാത്രം ഗ്രേസില്‍ വച്ചുപിടിപ്പിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഐവിഎഫ് ചികില്‍സയിലൂടെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് 2025 ഡിസംബറില്‍ സിസേറിയനിലൂടെ കുഞ്ഞ് ഹ്യൂഗോ ചരിത്രം കുറിച്ച് പിറന്നുവീണു. ഏഴ് പൗണ്ട് തൂക്കമുളള ആരോഗ്യവാനായ കുഞ്ഞ് ഹ്യൂഗോയുടെ പിറവി യുകെയുടെ വൈദ്യശാസ്ത്രരംഗത്ത് വിസ്മയമായി മാറി. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ തന്‍റെ സ്വപ്നം നേടിത്തന്ന പ്രഫ. റിച്ചഡ് സ്മിത്തിനോടുള്ള ആദരസൂചകമായി കുഞ്ഞിന് 'റിച്ചഡ്' എന്ന മധ്യനാമവും ഗ്രേസും പങ്കാളിയും നല്‍കി.

ഗ്രേസ് ഇനിയൊരു കുഞ്ഞിന് കൂടി വൈകാതെ ജന്മം നല്‍കിയേക്കാം. അതിനുശേഷം ഈ ഗര്‍ഭപാത്രം ഗ്രേസില്‍ നിന്നും നീക്കം ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗ്രേസിന്‍റെ ശരീരം പുതിയ അവയവത്തെ (ഗര്‍ഭപാത്രം) പുറംതളളാതിരിക്കാന്‍ കടുത്ത പ്രതിരോധ മരുന്നുകൾ കഴിക്കേണ്ടിവന്നേക്കാം. ജീവിതകാലം മുഴുവന്‍ ഈ മരുന്നുകള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് രണ്ടാമത്തെ പ്രസവത്തിന് ശേഷം ഈ ഗര്‍ഭപാത്രം ഗ്രേസില്‍ നിന്നും നീക്കം ചെയ്യാന്‍ ആരോഗ്യവിദഗ്ധര്‍ തീരുമാനിച്ചിരിക്കുന്നത്. ഹ്യൂഗോയുടെ ജനനം ബ്രിട്ടനിലെ ആയിരക്കണക്കിന് വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്നതാണെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

UK welcomes a miracle baby born via posthumous uterus donation, with Grace Bell, a 30-year-old born without a uterus, successfully giving birth to a child named Hugo. This marks the first time in UK history that a baby has been born through a uterus donated after the donor's death.