വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന വിഡിയോ വൈറലായതിനു പിന്നാലെ രാജിക്കൊരുങ്ങി അധ്യാപിക. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം കഴിക്കുന്ന കോളജ് അധ്യാപികയുടെ വിഡിയോ ഒരാഴ്ച മുന്‍പ് വൈറലായിരുന്നു. പ്രൊജക്ടിന്‍റെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്ന് പറഞ്ഞ അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഈ വിഡിയോ വൈറലായതിനു പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ അധ്യാപിക രാജിസന്നദ്ധത അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യത്തില്‍ കോളജില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ച് അധ്യാപിക ഇമെയില്‍ സന്ദേശമയച്ചതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്രയും വര്‍ഷം കോളജില്‍ ജോലി ചെയ്യാന്‍ നല്‍കിയ അവസരത്തിനു നന്ദിയെന്നും അധ്യാപിക മെയിലില്‍ വ്യക്തമാക്കുന്നു. അതേസമയം അധ്യാപികയുടെ രാജിസന്നദ്ധതയില്‍ കോളജ് അധികൃതര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
അപ്ലൈഡ് സൈക്കോളജി ഡിപ്പാര്‍മെന്‍റിലെ പ്രഫസര്‍ വധുവിനെപ്പോലെ ഒരുങ്ങി വിദ്യാര്‍ഥിക്കു സമീപം നില്‍ക്കുന്നതും ഇവര്‍ പൂമാല പരസ്പരം കഴുത്തിലണിയുന്നതും വിദ്യാര്‍ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതുമാണ് വിഡിയോയിലുള്ളത്. കണ്ടുനിന്നവർ പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കോളജ് അധികൃതർ ഇടപെട്ടത്.
ക്യാംപസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന ഫ്രെഷേഴ്സ് ഡേയുടെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്നായിരുന്നു അധ്യാപികയുടെ വാദം. തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അത് ആരൊക്കെയോ പ്രചരിപ്പിക്കുകയായിരുന്നു എന്നും അധ്യാപിക അവകാശപ്പെട്ടു. പ്രത്യേക കമ്മിറ്റി രൂപികരിച്ച് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. പ്രൊജക്ടുമായി ബന്ധപ്പെട്ട് ക്ലാസില്‍ നടത്തിയ ഒരു പ്രവര്‍ത്തി എന്നാണ് അധ്യാപിക നല്‍കിയിരിക്കുന്ന വിശദീകരണം. അനുചിതമായി ഒന്നും നടന്നിട്ടില്ല. തീര്‍ത്തും പഠനസംബന്ധമായി നടന്ന ഒരു കാര്യം. അത് സമൂഹമാധ്യമത്തില്‍ മോശമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധ്യാപികയോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ അധ്യാപക സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. അധ്യാപികയുടെ പ്രവര്‍ത്തി ന്യായീകരിക്കാനാകുന്നതല്ല എന്നാണ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയന്റെ നിലപാട്.