ബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. റെജി നഗറിലെ സ്വതന്ത്ര സ്ഥാനാർഥി സൈഫുൾ ഇസ്‌ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെതിരെ നാല് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ബംഗാളില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമില്ല. നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റിലായതിന് പിന്നാലെ റെജിനഗറിലെ, സ്വതന്ത്ര സ്ഥാനാർഥിയായ സൈഫുൾ ഇസ്‌ലാമിനെ അഞ്ച് വര്‍ഷം മുന്‍പെടുത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആം ജനതാ ഉന്നയൻ പാർട്ടി സൈഫുൾ ഇസ്‌ലാമിനെ പിന്തുണച്ചിരുന്നു. അറസ്റ്റിലായ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെതിരെ നിലവിൽ നാല് കേസുകളുണ്ടെന്ന് ബംഗാൾ പൊലീസ് അറിയിച്ചു. Also Read: കൊല്ലത്ത് പൊലീസുകാരന്‍റെ തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ച് യുവതികള്‍; ഗുരുതര പരുക്ക്
കൊലപാതകം, കൊലപാതകശ്രമം, കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, ആയുധങ്ങളുമായുള്ള കലാപം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നന്ദിഗ്രാം പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും ഖേജുരി സ്റ്റേഷനിൽ ഒരു കേസുമാണുള്ളത്. തിരഞ്ഞെടുപ്പ് സമയത്ത് നേരത്തെയുള്ള ജാമ്യമില്ലാ വാറന്റുകളിൽ നടപടിയെടുക്കണമെന്ന നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നന്ദിഗ്രാമിലും റെജിനഗറിലും പ്രചരണത്തിലേക്ക് കടക്കുകയാണ് പാർട്ടികൾ. നന്ദിഗ്രാമിലെ സ്ഥാനാർഥി കൊലപാതകക്കേസിൽ റിമാൻഡിലാണെങ്കിലും പ്രചരണം ആരംഭിക്കാനാണ് കോൺഗ്രസ് തീരുമാനം. മിലൻ പ്രധാന് വേണ്ടി നാളെ ജാമ്യാപേക്ഷ സമർപ്പിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന.