• മെസിയെ കൊണ്ടുവരുന്നതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനുമേല്‍ ചാരി ആന്‍റോ അഗസ്റ്റിന്‍. സര്‍ക്കാരാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്നും, സ്പോണ്‍സറാകാന്‍ സര്‍ക്കാന്‍ തന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും ആന്‍റോ

മെസിയെ കൊണ്ടുവരുന്നതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനുമേല്‍ ചാരി ആന്‍റോ അഗസ്റ്റിന്‍. സര്‍ക്കാരാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്നും, സ്പോണ്‍സറാകാന്‍ സര്‍ക്കാന്‍ തന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും ആന്‍റോ. കഴിഞ്ഞമാസം 3ന് ജി.എസ്.ടി വകുപ്പിന് നല്‍കിയ മൊഴിയിലാണ് ആന്‍റോ അഗസ്റ്റിന്‍റെ വാദം. Also Read: ആന്റോയുടെ വയനാട്ടിലെ വീട് ചട്ടം ലംഘിച്ച്; സമാന്തര ബാറിന് പദ്ധതിയെന്ന് എക്സൈസ്


മെസിയെയും അര്‍ജന്‍റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ മുന്‍ സര്‍ക്കാരിന് എന്ത് വീഴ്ചയെന്ന് സി.പി.എം, എല്‍.ഡി.എഫ് നേതാക്കള്‍ ആവര്‍ത്തിച്ച് ചോദിക്കുമ്പോഴാണ് ഉത്തരവാദിത്തമെല്ലാം സര്‍ക്കാരിനാണെന്ന സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിന്‍റെ മൊഴി പുറത്തുവരുന്നത്. ജി.എസ്.ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസ് പ്രകാരം ആന്‍റോ ഓഗസ്റ്റ് മൂന്നിന് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന് നല്‍കിയ മൊഴിയിലാണ് ഉത്തരവാദിത്തം സര്‍ക്കാരിന് മേല്‍ ചാരുന്നത്. 

കായിക മന്ത്രി വി അബ്ദുറഹ്മാന്‍ സ്പെയിനില്‍ പോയി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചു. കേരളത്തില്‍ വരാന്‍ അര്‍ജന്‍റീന ടീം സമ്മതിച്ചുവെന്നും രണ്ട് കളികള്‍ നടത്താന്‍ തീരുമാനിച്ചുവെന്നും സര്‍ക്കാരാണ് പറഞ്ഞത്. ഇതിന്‍റെ സ്പോണ്‍സറാകണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തന്നെ സമീപിക്കുകയായിരുന്നു. സാമ്പത്തിക നേട്ടമല്ല, മെസിയെ കേരളത്തിലെത്തിക്കുന്ന സ്പോണ്‍സറാകുമ്പോള്‍ കിട്ടുന്ന സല്‍പേര് ലക്ഷ്യമിട്ടാണ് താന്‍ പണമിറക്കാന്‍ തീരുമാനിച്ചതെന്നും മൊഴിയിലുണ്ട്.

ആന്‍റോയുടെ മൊഴി പുറത്തുവരുന്നതോടെ പദ്ധിയില്‍ മുന്‍ സര്‍ക്കാരിന്‍റെ ഇടപെടലുകളിലെ ദുരൂഹത വര്‍ധിക്കുകയാണ്. സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടേ പതിനഞ്ചിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു വ്യക്തിയെ സ്പോണ്‍സറാകാന്‍ സര്‍ക്കാര്‍ അങ്ങോട്ട് സമീപിച്ചതിന് പിന്നിലെ താല്‍പര്യമാണ് ഇതില്‍ പ്രധാനം. എന്ത് മാനദണ്ഡപ്രകാരമാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ തിരഞ്ഞെടുത്തത് എന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യങ്ങളില്‍ കൂടി  ക്രൈംബ്രാഞ്ച് എസ്.ഐ.ടി അന്വേഷണം നടത്തും. അങ്ങനെയെങ്കില്‍  മുന്‍കായിക മന്ത്രി ഉള്‍പ്പെടെയുള്ളവവരുടെ നടപടികള അന്വേഷണ പരിധിയിലേക്ക് വരും. 

ENGLISH SUMMARY:

Anto Augustine has placed the responsibility for bringing Lionel Messi and the Argentina football team to Kerala on the government. According to his statement, the government took all the decisions and approached him to become the sponsor. These claims were made in a statement submitted by Anto Augustine to the GST Department on August 3.