അനധികൃതമായി അനുവദനീയമായതിലും അധികം മദ്യം സൂക്ഷിച്ച കേസിൽ റിമാൻഡിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട് നിർമിച്ചത് ദുരന്തനിവാരണ അതോറിറ്റിയുടെ ചട്ടങ്ങൾ ലംഘിച്ചാണെന്ന് എക്സൈസ്. വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്താനായിരുന്നു ആന്റോയുടെ പദ്ധതിയെന്നും എക്സൈസ് കണ്ടെത്തിയതായി കസ്റ്റഡി അപേക്ഷയിൽ പറയുന്നു. Also Read: 'നിങ്ങളെയൊന്നും പേടിച്ചിട്ടില്ല; ഇനിയൊട്ട് പേടിക്കാന്‍ തീരുമാനിച്ചിട്ടുമില്ല'; റേഞ്ച് റോവര്‍ തിരിച്ചുകൊടുത്തതില്‍ മന്ത്രി കെ.എം.ഷാജി
വയനാട് വാഴവറ്റയിലെ ആന്റോ അഗസ്റ്റിന്റെ വീടിന്റെ നിർമാണത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് എക്സൈസ് പറയുന്നത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ.എൻ. ബൈജു തയാറാക്കിയ കസ്റ്റഡി അപേക്ഷയിലാണ് നിർമാണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ദുരന്തസാധ്യതാ പ്രദേശമായ മുട്ടിൽ പഞ്ചായത്തിൽ കെട്ടിടങ്ങൾക്ക് പരമാവധി മൂന്ന് നിലയും പത്ത് മീറ്റർ ഉയരവുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ആന്റോയുടെ വീട് നാല് നിലകളിലായി പത്ത് മീറ്ററിലധികം ഉയരത്തിലാണ് നിർമിച്ചതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. 2022ൽ വീട് ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം എന്നീ വിഭാഗങ്ങളിലേക്ക് മാറ്റുന്നതിനായി ആന്റോ പഞ്ചായത്ത് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ പരിശോധനയിൽ അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകുകയും നിർമാണം ക്രമവൽക്കരിക്കാനുള്ള അപേക്ഷ തള്ളുകയും ചെയ്തിരുന്നു.
ദുരന്തനിവാരണ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച ഈ വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്താനായിരുന്നു പദ്ധതിയെന്നാണ് എക്സൈസിന്റെ നിഗമനം. പരിശോധനയ്ക്കിടെ വീട്ടിൽനിന്ന് ആൽക്കഹോൾ അടങ്ങിയ 12.75 ലീറ്റർ പാനീയവും പിടിച്ചെടുത്തിരുന്നു. വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആന്റോ അഗസ്റ്റിന് മറ്റിടങ്ങളിൽ സമാനമായ മദ്യനിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടോയെന്നും എക്സൈസ് അന്വേഷിച്ചുവരികയാണ്.