തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ)യും തമ്മില്‍ സഖ്യമുണ്ടാക്കന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. സൂപ്പർസ്റ്റാർ രജനീകാന്തിനെതിരെയുള്ള ടിവികെ നേതാവിന്റെ പരാമർശം വിവാദത്തിലായതിന് പിന്നാലെ സഖ്യ ചര്‍ച്ചകള്‍ പൊളിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പരാമര്‍ശത്തില്‍ ടിവികെ ഭാരവാഹികളെ പരസ്യമായി വിമർശിച്ച് എഐഎഡിഎംകെ, ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി ടിവികെയും ബിജെപിയും തമ്മിലുള്ള സഖ്യചര്‍ച്ചകളെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ് രാഷ്ട്രീയ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ ഐക്യമുന്നണി രൂപീകരിക്കുന്നതിനായി എൻഡിഎ 80 സീറ്റുകൾ വരെ വാഗ്ദാനം ചെയ്ത് ടിവികെയെ സമീപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. വിജയ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായും ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ടിവികെ നേതാക്കൾ റിപ്പോർട്ടുകൾ നിഷേധിക്കുകയായിരുന്നു.

ഇതിനിടെയാണ് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുനന്റെ വിവാദ പരാമർശം ഉണ്ടാകുന്നത്. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയതെന്നാണ് ആദവ് അർജുന പറഞ്ഞത്. താൻ രജനീകാന്തിനെ വിമർശിക്കുകയല്ലെന്നും എന്നാൽ ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ധൈര്യം വിജയ്‌യിക്കുണ്ടെന്നും അർജുന പറഞ്ഞു. പരാമര്‍ശം തമിഴ് സിനിമാ– രാഷ്ട്രീയ ലോകത്ത് വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്.

പരാമര്‍ശത്തെ വിമര്‍ശിച്ച് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമിയെത്തി. ‘രജനീകാന്ത് രാഷ്ട്രീയത്തിനപ്പുറം ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന രീതിയിൽ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒരു വ്യക്തിയുടെ അവകാശമാണ്, അങ്ങനെ ചെയ്യാതിരിക്കുന്നതും അങ്ങനെ തന്നെ. അദ്ദേഹം തന്റെ കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്, അവയെ ബഹുമാനിക്കണം’ പളനിസ്വാമി പറഞ്ഞു. ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്ന് വിമര്‍ശിച്ച് അണ്ണാമലൈയും രംഗത്തെത്തി.

പിന്നാലെ മറുപടിയുമായി രജനീകാന്തുമെത്തി. ‘സമയം സംസാരിക്കില്ല, പക്ഷേ അത് മറുപടി നല്‍കുക തന്നെ ചെയ്യും’ എന്നാണ് രജനീകാന്ത് പറഞ്ഞത്. ‘എനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങളെ അപലപിക്കുകയും എനിക്ക് പിന്തുണയുമായി ശബ്ദമുയർത്തുകയും ചെയ്ത തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കേന്ദ്രമന്ത്രി എൽ. മുരുകൻ, തമിഴ്‌നാട് മന്ത്രി രഘുപതി, തോൾ തിരുമാവളവൻ, എസ്.പി. വേലുമണി, എന്റെ സുഹൃത്ത് അണ്ണാമലൈ, അർജുനമൂർത്തി, അൻബുമണി രാമദോസ്, ജി.കെ. വാസൻ, ജോൺ പാണ്ഡ്യൻ, പുകഴേന്തി തുടങ്ങി വിവിധ നേതാക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു’ എന്നും രജനീകാന്ത് എക്സിൽ കുറിച്ചു.

ENGLISH SUMMARY:

Speculations of an alliance between BJP-led NDA and Vijay's Tamilaga Vettri Kazhagam (TVK) for the 2026 Tamil Nadu elections have ended. TVK General Secretary Aadhav Arjuna's controversial comments on Rajinikanth sparked outrage among AIADMK and BJP leaders. Rajinikanth responded on X, thanking leaders like EPS and Annamalai for their support. Read more about the shifting political alliances in Tamil Nadu.