വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീനെതിരായ ബിജെപി പ്രതിഷേധത്തിനിടെ പൊലീസ് വാഹനം തടയാന്‍ ശ്രമം. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വനിയുടെ നേതൃത്വത്തിലായിരുന്നു കുമ്പള പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടന്നത്. ഇതിനിടയ്​ക്ക് അശ്വനി പൊലീസ് ജീപ്പിന്‍റെ പിന്നില്‍ പിടിമുറുക്കി. പോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു അശ്വനി വണ്ടിയുടെ പിന്നില്‍ മുറുക്കെ പിടിച്ചത്. ഇതിനിടയ്​ക്ക് പൊലീസ് വാഹനം മുന്നിലേക്ക് ഓടിച്ചുപോയി. വണ്ടി പോയതിന് ശേഷം മുന്നില്‍ കുറച്ച് ആളുകള്‍ വേണ്ടേ എന്ന് അണികളോട് പ്രസിഡന്‍റ് ചോദിക്കുന്നുണ്ട്. വണ്ടി പോയതിന് ശേഷവും മുദ്രാവാക്യം വിളിച്ച് ഇവര്‍ പ്രതിഷേധം തുടര്‍ന്നു. എന്തായാലും ബിജെപി പ്രസിഡന്‍റിന്‍റേയും അണികളുടേയും പ്രതിഷേധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബിജെപി പ്രസിഡന്‍റിനെതിരെ വലിയ ട്രോളുകളാണ് ഉയരുന്നത്. 

ചോദ്യപേപ്പർ ചോദ്യാവലി വിവാദത്തിൽ അധ്യാപകൻ ഗുരു പ്രസാദിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധം നടന്നത്. ഗുരുപ്രസാദിന് എതിരായ നടപടി പിൻവലിക്കണം എന്നും മന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്നും എം.എൽ.അശ്വിനി പറഞ്ഞു. എന്നാൽ ചോദ്യാവലി വിവാദത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് പറഞ്ഞ മന്ത്രി കൂടുതൽ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന വേദിയാക്കി വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും പറഞ്ഞു.

കുമ്പള GSBS സ്കൂളിൽ മന്ത്രി എൻ.ഷംസുദ്ദീനെതിരെ നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ്‌ ബിജെപി നേതാക്കൾ നേർക്കുനേർ പ്രതിഷേധിച്ചു. പൊലീസ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം കനത്തു. വനിതാ പൊലീസ് ഇല്ലാതെയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വന്നതെന്ന് ആയിരുന്നു ബിജെപി പ്രവർത്തകരുടെ ആരോപണം.

ENGLISH SUMMARY:

During a BJP protest in Kumbala against Education Minister N. Shamsudheen over a question paper controversy, Kasaragod District President M.L. Ashwini attempted to block a police jeep by gripping its rear. As the vehicle drove away, Ashwini humorously turned to party workers and asked if someone should have blocked it from the front instead. The comedic blunder quickly went viral on social media, drawing heavy trolling and criticism. Meanwhile, political tensions also flared up locally as Congress and BJP workers confronted each other during the demonstration.