ബിജെപി നേതാവ് റോബിന്‍ രാധാകൃഷ്ണനെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് കണ്ടന്‍റ് ക്രിയേറ്റര്‍ വേദ് ലക്ഷ്മി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച റോബിൻ, കേവലം സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് പാർട്ടിയിലെത്തിയതെന്ന ആരോപണം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വേദ് ലക്ഷ്മി ഉന്നയിച്ചിരുന്നു. പിന്നാലെ സാമൂഹിക മാധ്യമം വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് വേദ് ലക്ഷ്മിക്കെതിരേ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ റോബിൻ പരാതി നൽകിയിരുന്നു. 

ഇപ്പോള്‍ റോബിനെതിരെ പ്രതികരിച്ച് വീണ്ടും വേദ് ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. ജോലി കഴിഞ്ഞ് സൗകര്യമുള്ള സമയത്ത് വന്ന് തനിക്ക് പറയാനുള്ള കാര്യങ്ങൾ പൊലീസ് സ്റ്റേഷനില്‍ പറയാമെന്നും ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴാണോ ഇത്രയും കാട്ടിക്കൂട്ടുന്നതെന്നും വേദ് ലക്ഷ്മി പുതിയ വിഡിയോയില്‍ ചോദിച്ചു. 

'എന്റെ ഞായറാഴ്ച തുടങ്ങിയത് റോബിൻ രാധാകൃഷ്ണന്റെ കേസും അതുമായി ബന്ധപ്പെട്ട മെസ്സേജുകളും വെച്ചാണ്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം സ്റ്റേഷനിൽ എത്തണമെന്നൊക്കെയാണ് ആ സ്റ്റോറിയിൽ പറയുന്നത്. എനിക്ക് റോബിനോട് പറയാനുള്ളത്, തിങ്കളാഴ്ച എനിക്ക് ജോലിയുണ്ട്. വിളിക്കുമ്പോൾ ഉടനെ സ്റ്റേഷനിലേക്ക് വരാൻ നിന്നെ പോലെ വെറുതെ ഇരിക്കുകയല്ല. രാവിലേയും ഉച്ച കഴിഞ്ഞു ജോലിയുണ്ട്. ധരിപ്പിക്കാനുള്ളവരോടൊക്കെ ഇത് ധരിപ്പിച്ചിട്ടുണ്ട്. എന്റെ ജോലി കഴിഞ്ഞ് സൗകര്യമുള്ള സമയത്ത് വന്ന് എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയാം. അതവിടെ നിൽക്കട്ടെ, ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴാണ് ഈ ഇത്രയും കാട്ടിക്കൂട്ടുന്നത്. അപ്പോൾ ശരിക്കുമുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും നിന്റെ അവസ്ഥ. നീ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യ്. നിന്റെ വളച്ചൊടിക്കുന്ന സ്റ്റോറീസ് പോസ്റ്റ് ചെയ്തോ ബന്ധങ്ങൾ വെച്ചോ അങ്ങനെ എന്തുവേണമെങ്കിലും ചെയ്യ്. വെല്ലുവിളിക്കുകയാണെന്ന് തന്നെ വെച്ചോ. നീ എവിടെ നിർത്തുന്നോ, അവിടെ നിന്ന് ഞാൻ തുടങ്ങും. ഇത് വെറുതെ പറയുന്നതല്ല. കുറേ നാള് കാത്തിരുന്നു…

നിന്നോട് സഹതാപം തോന്നുന്നൊരു കാര്യം, നീയൊരു സൈബർ കൊട്ടേഷൻ ഒക്കെ കൊടുത്തിട്ടുണ്ടാരുന്നു. അത് കറങ്ങിത്തിരിഞ്ഞ് നിനക്കു തന്നെ ഇപ്പോൾ വിനയായി വന്നപ്പോൾ എനിക്ക് തോന്നുന്ന കാര്യമുണ്ട്. പണ്ട് മുട്ടനാടുകൾ തമ്മിലിടിപ്പിച്ചിട്ട് ചോര കുടിക്കാൻ നിൽക്കുന്ന കുറുക്കന്റെ കഥയില്ലേ, അതൊക്കെ പണ്ട്. ഇത് 2026 ആണ്. മുട്ടനാടുകളും ആലോചിച്ചും കണ്ടുമേ എന്തെങ്കിലും ചെയ്യൂ. അതിനിടയ്ക്ക് നിന്ന് ഇടികൊള്ളാൻ പോകുന്നത് നീയാണ്. നീ എന്തൊക്കെ ചെയ്താലും ഇതിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല. കാത്തിരുന്ന് കാണാം. ഇനി ഇതിൽ നിന്ന് ഒരു തിരിച്ചു പോക്കില്ല. ഒരു കാര്യം വിട്ടു പോയി. വാങ്ങിയ പൈസയൊക്കെ തിരിച്ചു കൊടുക്ക് റോബിൻ, എന്നിട്ട് സംസാരിക്ക്. അതാണ് അതിന്റെയൊരു ശരി,' വേദ് ലക്ഷ്മി പറഞ്ഞു. 

വിഡിയോ പോസ്റ്റ് ചെയ്തതതിന് ശേഷം റോബിന്‍ ബിജെപിക്കാര്‍ വര്‍ഗീയ വാദികളാണെന്ന് പറയുന്ന വിഡിയോയും പുറത്തുവിട്ടു. 'എന്തുകൊണ്ട് ബിജെപി എന്ന് എന്നോട് ചോദിച്ചു. ബിജെപിയുടെ തത്വങ്ങളോ കാര്യങ്ങളോ ഒന്നും, എബിസിഡി എനിക്ക് അറിയില്ല. അതുകൊണ്ട് ഞാൻ ബുദ്ധിപൂർവ്വം പറഞ്ഞു, എനിക്ക് മോദിയെ ഇഷ്ടമാണ് സാർ എന്ന്. ബിജെപി വർഗീയവാദികളാണ്. സത്യം പറയാല്ലോ, ഭയങ്കരമായി അങ്ങനെയുള്ള കാര്യങ്ങൾ പറയാറുണ്ട്. ഞാൻ സ്ഥാനാർഥിയായെന്ന് വെച്ച് ആരെങ്കിലും എന്നോട് അതേക്കുറിച്ച് ചോദിച്ചാൽ ഒരു രാഷ്ട്രീയക്കാരനായെ ഞാൻ സംസാരിക്കൂ. അവിടെയാണ് എന്റെ ഹൈലൈറ്റ്. 

എനിക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനായിരിക്കും ഞാൻ. അതേസമയം ഒരു പക്കാ ബിസിനസ്മാൻ കൂടി ആയിരിക്കും. കഴിഞ്ഞ ദിവസം വരെ എംഎൽഎ ആയി കൈ പൊക്കുന്നതേ ഞാൻ ചെയ്തിട്ടുള്ളു. ഇപ്പോ മന്ത്രിയായിട്ട് പച്ച ബിഎംഡബ്ല്യൂവിൽ പോകുന്നതാണ് ചെയ്യുന്നത്. എനിക്ക് കിട്ടുന്ന സാലറിയിൽ നിന്നും ഡീസൽ അടിച്ചിട്ടായിരിക്കും ഞാൻ എന്റെ കാറിൽ പോകുക. ആരുണ്ട് അതുപോലെ ഒരു രാഷ്ട്രീയക്കാരൻ. ജനങ്ങൾക്കും നാടിനും വേണ്ടി ചെയ്യും. ഒപ്പം എനിക്ക് വേണ്ടിയും ഞാൻ ചെയ്യും അപ്പോൾ ആർക്കും ഒരു പരാതിയുമുണ്ടാവില്ല. ഞാൻ ആ സമയം പക്കാ ബിസിനസ്മാൻ ആകും,' ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഈ വിഡിയോയ്ക്ക് താഴെ 'അയ്യേ, എഐ' എന്നായിരുന്നു റോബിന്റെ കമന്റ്. ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കണ്ട റോബിന്‍ ഇത് സുഹൃത്തുക്കള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണെന്നും എന്ത് ആരോപണം വന്നാലും താനത് നിയമപരമായി നേരിടുമെന്നും പറഞ്ഞു. 

ENGLISH SUMMARY:

Content creator Veedh Lakshmi has escalated her ongoing feud with BJP leader Robin Radhakrishnan by releasing a leaked audio clip where Robin purportedly admits that he joined the BJP purely for political and financial branding rather than ideological reasons. In the audio, Robin is heard claiming that he knows nothing about BJP's principles and cleverly used his liking for Narendra Modi to cover up his lack of political knowledge, while also labeling BJP members as communal. This comes after Robin filed a police complaint at the Palarivattom station against Veedh Lakshmi for defamation following her initial allegations about him entering politics solely for monetary gains. Dismissing Robin's police summons due to her work schedule, Veedh Lakshmi challenged him further, prompting Robin to dismiss the audio as AI-generated and later state to the media that the dispute stems from a personal financial matter with friends which he will fight legally.